Top Stories

നൂറ്റാണ്ടിലെ അപൂർവ പ്രപഞ്ച അത്ഭുതം വീക്ഷിച്ച് ലോകം

തിരുവനന്തപുരം: പൂർണ വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ അപൂർവ പ്രപഞ്ച അത്ഭുതം വീക്ഷിച്ച് ലോകം.സൗദി അറേബ്യ മുതൽ പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയ സൂര്യഗ്രഹണം ദൃശ്യമായത്. തെക്കൻ കർണ്ണാടകത്തിലും, വടക്കൻ കേരളത്തിലും, മദ്ധ്യതമിഴ്നാട്ടിലും ഇന്ത്യയിൽ വലയ ഗ്രഹണത്തിന്റെ  വ്യക്തമായ ദൃശ്യങ്ങൾ ലഭ്യമായി.

കേരളത്തിന്‍റെ വടക്കൻ ഭാഗങ്ങളിൽ വലയസൂര്യഗ്രഹണം പൂർണമായും  തെക്കൻ ഭാഗങ്ങളിൽ ഭാഗികമായും ഈ അപൂ‌ർവ്വ പ്രതിഭാസം കാണാൻ കഴിഞ്ഞു.
കാസർകോട് ചെറുവത്തൂരാണ് ഗ്രഹണം ആദ്യം വ്യക്തമായി ദൃശ്യമായത്. ചെറുവത്തൂരിൽ 5000 ൽ അധികം ആളുകൾ ഗ്രഹണം കാണാൻ സൗകര്യം ഒരുക്കിയ ഇടങ്ങളിൽ ഒന്നിച്ചുകൂടി.
എന്നാൽ വയനാട്ടിൽ കാർമേഘം മൂലം പൂർണ്ണ വലയ ഗ്രഹണം കാണാൻ കഴിഞ്ഞില്ല.

9.26 മുതൽ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലിൽ മറഞ്ഞു. മിനിറ്റുകൾ മാത്രം നീണ്ടുനിന്ന വലയ ഗ്രഹണമെന്ന അത്ഭുതം വീക്ഷിച്ചത് പ്രായഭേദമെന്യേ ആയിരങ്ങളാണ്.11.11 വരെ സംസ്ഥാനത്ത് ഗ്രഹണം തുടരും.

നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ സോളാർ ഫിൽറ്ററുകൾ മുഖേനെയും പ്രത്യേകം സജ്ജീകരിച്ച സ്ക്രീനുകൾ മുഖേനെയുമാണ് ആളുകൾ ഗ്രഹണം വീക്ഷിച്ചത്.

വലയഗ്രഹണം കാണാനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് നടത്തിയിയത്.സ്കൂളുകളും കോളേജുകളും, ശാസ്ത്രസാങ്കേതിക മ്യൂസിയവും, കേരള ശാസ്ത്രസാഹിത്യ പരിഷത്തും ജില്ലാ ഭരണകൂടങ്ങളുമെല്ലാം ഗ്രഹണം കാണുവാൻ പ്രത്യേക ഒരുക്കങ്ങൾ നടത്തിയിരുന്നു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button