തൃശ്ശൂരിൽ പിതാവിനേയും മാതൃസഹോദരിയേയും യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി
തൃശ്ശൂർ : തൃശൂർ തളിക്കുളം എടശ്ശേരിയില്‍ പിതാവിനേയും മാതൃസഹോദരിയേയും യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി.തളിക്കുളം സ്വദേശി ജമാല്‍(60), ഭാര്യ സഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്.ജമാലിന്റെ മകന്‍ ഷെഫീഖാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഷെഫീഖ് രണ്ടുപേരെയും കല്ല് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു ഷെഫീഖ്. സംഭവത്തിൽ ഷെഫീഖിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. വീട്ടിലെത്തിയ ഷെഫീഖ് പിതാവിനെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് വന്ന് മർദ്ദിക്കുകയും കരിങ്കല്ല് കൊണ്ട് തലക്കടിക്കുകയും ചെയ്തു. പിന്നീട് മുറ്റത്ത് പാഴ് വസ്തുക്കൾക്ക് തീയിട്ട ശേഷം അതിലേക്ക് പിതാവിനെ തള്ളിയിടുകയായിരുന്നു. സംഭവം കണ്ട മാതാവ് കുഞ്ഞി പാത്തു ഷെഫീഖിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും മാതാവിനെയും മർദ്ദിച്ചു. പിന്നീട് കുഞ്ഞി പാത്തു തൊട്ടടുത്ത് താമസിക്കുന്ന അനിയത്തി ഖദീജയെ വിളിച്ചു കൊണ്ട് വന്ന് പിടിച്ചു മാറ്റാൻ ശ്രമിച്ചു. ഇതിനിടെയാണ് ഖദീജയ്ക്ക് തലക്കടിയേറ്റത്.