Top Stories

കണ്ണൂരിൽ ഗവർണ്ണർക്കെതിരെ കടുത്ത പ്രതിഷേധം;അപായപ്പെടുത്താനുള്ള ശ്രമമെന്ന് ഗവര്‍ണര്‍

കണ്ണൂര്‍: ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ കേരളാ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍ പ്രതിഷേധം.  ജനപ്രതിനിധികളും ചരിത്രകോൺഗ്രസിന്റെ പ്രതിനിധികളും വിദ്യാര്‍ഥികളും ഉൾപ്പെട്ട സംഘമാണ് ഗവർണർക്കെതിരെ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സിപിഎം നേതാക്കൾ ഉൾപ്പടെയുള്ളവരും സംഘാടകരും ഇടപെട്ട് ആദ്യം ഇത് തടഞ്ഞെങ്കിലും പിന്നീട് പൊലീസ് നാല് വിദ്യാര്‍ത്ഥികളെ കസ്റ്റഡിഡിയിലെടുത്തു. ജെഎന്‍യു, അലിഗഡ്,ജാമിയ എന്നീ സർവകലാശാലകളിലെ വിദ്യാർത്ഥികളെയാണ് കസ്റ്റഡിയിലെടുത്തത്.

പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ ആവർത്തിച്ച് ഗവർണർ സ്വന്തം പ്രസംഗത്തിൽ പരാമർശം നടത്തിയിരുന്നു. പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതിൽ എപ്പോൾ വേണമെങ്കിലും സംവാദം നടത്താൻ തയ്യാറാണെന്നും ഗവർണർ പറഞ്ഞു. എങ്കിൽ സംവാദം ഇപ്പോൾത്തന്നെ നടത്താമെന്ന് ചരിത്ര കോൺഗ്രസിൽ പങ്കെടുത്ത ചരിത്രകാരൻമാരും വിദ്യാർത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു. തുടർന്ന് കയ്യിലുള്ള കടലാസുകളിൽ ‘പൗരത്വ നിയമഭേദഗതിയും എൻആർസിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാർഡുകളായി എഴുതി അവർ ഗവർണർക്കെതിരെ മുദ്രാവക്യം വിളിച്ചു.

എന്നാൽ തന്നെ പ്രതിഷേധിച്ച് നിശ്ശബ്ദനാക്കാനാകില്ലെന്ന് ഗവർണർ പ്രതികരിച്ചു. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തെയും താൻ അനുകൂലിക്കില്ല. കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയതും, പൗരത്വ നിയമഭേദഗതിയും ഭരണഘടനയ്ക്ക് എതിരല്ല, തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ വീഴ്ച കാണിച്ചെന്ന് ബിജെപി പ്രതികരിച്ചു. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർ പാർലമെന്റ് പാസാക്കിയ ഒരു നിയമത്തെ എതിർക്കുന്നതെങ്ങനെയെന്ന് എം ടി രമേശ്‌ ചോദിച്ചു. ആസൂത്രിതമായ ആക്രമണമാണ് ഗവർണർക്കെതിരെ ഉണ്ടായതെന്നും ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വൻ വീഴ്ച സംഭവിച്ചുവെന്നും എം ടി രമേശ്‌ പ്രതികരിച്ചു. 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button