Top Stories
അലനും താഹയും ഉൾപ്പെട്ട യുഎപിഎ കേസ് എൻ.ഐ.എ ഏറ്റെടുത്തത് കേന്ദ്രസർക്കാർ നിർദേശ പ്രകാരം
കൊച്ചി: അലനും താഹയും ഉൾപ്പെട്ട കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസ് എൻ.ഐ.എ ഏറ്റെടുത്തത് കേന്ദ്രസർക്കാരിന്റെ നിർദേശ പ്രകാരം. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചിരുന്നു. യു.എ.പി.എ. ചുമത്തിയതിനാൽ കേസ് എൻ.ഐ.എ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തിൽ വ്യക്തമാക്കുന്നു.ഡിസംബർ 16-ന് ആണ് കേസ് എൻ.ഐ.എ ഏറ്റെടുക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും എൻ.ഐ.എ ഡയറക്ടർ ജനറലിനും കത്തയച്ചത്.
കേസ് അന്വേഷണം എൻ.ഐ.എയ്ക്കു വിട്ടത് കേന്ദ്രസർക്കാരിന് നേരിട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.
എൻ.ഐ.എ നിയമപ്രകാരം ഷെഡ്യൂൾഡ് ക്രൈമിൽ ഉൾപ്പെടുന്നതാണ് അലൻ ഷുഹൈബിനും താഹയ്ക്കും എതിരെ ചുമത്തിയിരിക്കുന്ന യു.എ.പി.എ കേസ്.
അതിനാൽ 2008ലെ എൻ.ഐ.എ നിയമത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.കേസ് അന്വേഷണം സംബന്ധിച്ച ഫയലുകൾ ലോക്കൽ പോലീസിൽ നിന്നും എൻ ഐ എ ഏറ്റെടുത്തു.