Politics

കോൺഗ്രസ്‌ സിപിഎം സംയുക്ത പ്രക്ഷോഭം;കെ പി സി സി യിൽ ഭിന്നത

തിരുവനന്തപുരം: സി പി എമ്മുമായുള്ള സംയുക്ത പ്രക്ഷോഭത്തെച്ചൊല്ലി കെ പി സി സി യിൽ ഭിന്നത. പൗരത്വഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രതിഷേധത്തില്‍ സിപിഎമ്മുമായി സഹകരിക്കാനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംബന്ധിച്ച തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാൻ നാളെ സർക്കാർ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള വിയോജിപ്പിനെ  തുടര്‍ന്നാണ് മുല്ലപ്പള്ളിയുടെ തീരുമാനമെന്നാണ് സൂചന.

സിപിഎമ്മുമായി യോജിച്ചുള്ള സമരത്തില്‍ നേരത്തെ തന്നെ മുല്ലപ്പള്ളി
എതിര്‍പ്പറിയിച്ചിരുന്നു.ഫാസിസ്റ്റ് വിരുദ്ധ
പോരാട്ടത്തില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥത ഇല്ലെന്നും സിപിഎമ്മുമായി കൈകോര്‍ക്കുന്നത് പ്രവര്‍ത്തകര്‍ക്കിടയിൽ എതിര്‍ വികാരമുണ്ടാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തില്‍ നിലവിലുള്ളത് ഭരണകൂട ഭീകരതയാണ്.യോഗി ആദിത്യനാഥും യെദ്യൂരപ്പയുമായി പിണറായിക്ക് വ്യത്യാസമില്ലെന്നും കോൺഗ്രസ് നേതാക്കളെ ജയിലിൽ അടച്ച നടപടിയിലൂടെ ബിജെപിയെ സന്തോഷിപ്പാക്കാനാണ് പിണറായിയുടെ ശ്രമമെന്നും കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ താന്‍ പറയുന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് യുഡിഎഫിനുള്ളില്‍ മുല്ലപ്പള്ളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍ രംഗത്തെത്തുന്നുണ്ട്.

എന്നാൽ പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നയിക്കാൻ പ്രതിപക്ഷത്തെ എല്ലാ കക്ഷികളെയും ഒപ്പം നിർത്തണമെന്ന നിലപാടിലാണ് ഹൈക്കമാന്റ്. പക്ഷേ കേരളത്തിലെ കാര്യങ്ങള്‍ കെപിസിസി  നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് കെ സി വേണുഗോപാല്‍ നിലപാട് അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button