Top Stories
“മൗനിയായിരിക്കാനാവില്ല ഭരണഘടനാപരമായ കടമയാണ് നിറവേറ്റുന്നത്”ഗവർണർ
തിരുവനന്തപുരം : പൗരത്വ നിയമത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ.ഒരു സ്വകാര്യ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗവർണർ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
“ഇന്ത്യൻ പാർലമെന്റ് പാസാക്കാക്കി ഇന്ത്യൻ പ്രസിഡന്റ് ഒപ്പുവച്ച നിയമമാണ് പൗരത്വ നിയമം.ആ നിയമത്തെ അംഗീകരിക്കുക എന്നത് ഭരണഘടനാ പദവി അലങ്കരിക്കുന്ന ആൾ എന്ന നിലയിൽ എന്റെ കർത്തവ്യമാണ്.
എന്റെ ഭരണഘടനാപരമായ കടമയാണ് ഞാൻ നിറവേറ്റുന്നത്. ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭീതി നിറയ്ക്കാനുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ അവിടുത്തെ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നു.അതുകൊണ്ടാണ് ഈ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാൻ ഇന്ത്യ തീരുമാനിച്ചത്.
മഹാത്മാഗാന്ധിയും നെഹ്‌റുവും പോലുള്ള രാഷ്ട്ര പിതാക്കന്മാരുടെ വാക്കാണ് ഇത്.കോൺഗ്രസിന്റെ സമ്മതത്തോടെയാണ് രാജ്യം വിഭജിക്കപ്പെട്ടത്.വിഭജനത്തിന്റെ ദുരിതം ഇപ്പോഴും പാകിസ്താനിലെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നുണ്ട്.അവരെ സംരക്ഷിക്കാൻ ഇന്ത്യക്ക് ബാധ്യതയുണ്ട്.
എന്നെ ന്യൂനപക്ഷമായിട്ട് ഞാൻ കാണുന്നില്ല.ഭരണഘടനയിൽ ന്യൂനപക്ഷത്തെ നിർവചിച്ചിട്ടില്ല. രാഷ്ട്രീയ പ്രവർത്തകർ
ഒരുതവണയെങ്കിലും ഭരണഘടന വായിച്ചിരിക്കണം.എന്നിട്ട് എന്നെ വിമർശിക്കാൻ വരട്ടെ.നിയമത്തെയും ഭരണഘടനയെയും ചോദ്യം ചെയ്താൽ നിഷ്പക്ഷനാകില്ല.
ഇർഫാൻ ഹബീബാണ് രാഷ്ട്രീയ ചോദ്യങ്ങൾ ഉന്നയിച്ചത്. എന്റെ മുഖത്ത് നോക്കിയാണ് ഇർഫാൻ ചോദ്യങ്ങൾ ഉന്നയിച്ചത്. അതിന് മറുപടി പറയേണ്ട ബാധ്യത എനിക്കുണ്ട്.ചോദ്യങ്ങൾ ഉണ്ടായാൽ ഉത്തരങ്ങൾ ഉണ്ടാകും. മൗനിയായിരിക്കാൻ എനിക്കാവില്ല” ഗവർണർ പറഞ്ഞു.
വളരെ വ്യക്തമായ നിലപാടാണ് പൗരത്വ നിയമത്തിലും, അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളിലും ഗവർണർക്ക് ഉള്ളത്. തന്റെ ഭരണഘടനാപരമായ കർത്തവ്യം എന്ത് പ്രതിഷേധം ഉണ്ടായാലും നിറവേറ്റുമെന്ന് ഗവർണർ വ്യക്തമാക്കുന്നു.