Cinema
ഷെയ്ൻ നിഗം വിഷയം;അമ്മ ഇടപെടുന്നു,ചർച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
കൊച്ചി: ഷെയ്ൻ നിഗം വിഷയത്തിൽ താരസംഘടന അമ്മ ഇടപെടുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ജനുവരി ഒമ്പതിന് കൊച്ചിയിൽ ചേരും.ഈ യോഗത്തിലേക്ക് ഷെയ്നെ വിളിച്ചു വരുത്തി പ്രശ്നപരിഹാരത്തിനാണ് സംഘടന ശ്രമിക്കുന്നത്.
അതേസമയം ഷെയ്നുമായി ചർച്ചയ്ക്കില്ലന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. വിഷയം അമ്മ ചർച്ച ചെയ്ത ശേഷം ആ തീരുമാനം തങ്ങളെ അറിയിച്ചാൽ മതിയെന്നും ഇതിനു ശേഷം തങ്ങളുടെ പ്രതികരണം ഉണ്ടാകുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നു.
നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് ചർച്ചകളിൽ ഫെഫ്ക ഇടപെടില്ലെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷെയ്ൻ പ്രൊഫഷണൽ മര്യാദകൾ ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടുവെന്നാണ് ഉണ്ണികൃഷ്ണൻ മുൻപ് പ്രതികരിച്ചിരുന്നത്.
നിർമ്മാതാക്കൾ മനോരോഗികളാണ് എന്നമട്ടിലുള്ള പ്രസ്താവന ഐ എഫ് എഫ് കെ വേദിയിൽ വച്ച് മാധ്യമപ്രവർത്തകരോട് ഷെയിൻ നിഗം നടത്തിയിരുന്നു. തുടർന്നാണ് ഷെയിൻ നിഗവുമായുള്ള എല്ലാ ചർച്ചകളിൽനിന്നും നിർമ്മാതാക്കളുടെ സംഘടന പിന്മാറുന്നത്.ഇതിനെത്തുടർന്ന് ഷെയിൻ ഫേസ്ബുക് പേജിലൂടെ മാപ്പും പറഞ്ഞിരുന്നു.