കലാഭവൻ മണിയുടെ മരണം അമിത മദ്യപാനം മൂലമുള്ള കരൾ രോഗബാധയെ തുടർന്ന്:സി ബി ഐ
കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണം അമിത മദ്യപാനം മൂലമുള്ള കരൾ രോഗബാധയെ തുടർന്നെന്ന് സി.ബി.ഐ. റിപ്പോർട്ട്.രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോളിന്റെ അംശം അപകടരമായ അളവിലുള്ളതല്ലെന്നും, കരൾരോഗ ബാധയുള്ള മണിയുടെ അമിത മദ്യപാനം മൂലമാണ് രക്തത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം കലർന്നതെന്നുമാണ് സിബിഐ കണ്ടെത്തിയത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ലിവർ സിറോസിസാണ് മരണകാരണമെന്ന് സി.ബി.ഐ. കണ്ടെത്തിയത്.അന്വേഷണ റിപ്പോർട്ട് സി.ബി.ഐ. എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ചു.
2016 മാർച്ച് ആറിനാണ് കലാഭവൻ മണി അന്തരിച്ചത്.പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് അന്വേഷണം സി.ബി.ഐക്കു വിട്ടത്.രണ്ടുവർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സി.ബി.ഐ. നൽകുന്നത്.
മണിയുടെ രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോളിന്റെ അംശമാണ് കൊലപ്പെടുത്തിയതാണെന്ന സംശയം ബന്ധുക്കൾക്കുണ്ടാക്കിയത്.എന്നാൽ കരൾരോഗ ബാധയുള്ള മണിയുടെ അമിത മദ്യപാനം മൂലമാണ് രക്തത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം കലർന്നതെന്നാണ് സി.ബി.ഐ.നിയോഗിച്ച മെഡിക്കൽ ബോർഡ് കണ്ടെത്തിയിരിക്കുന്നത്.
മദ്യപിക്കരുതെന്ന് പലതവണ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും മണി അതൊന്നും ചെവിക്കൊണ്ടിരുന്നില്ല .ദിവസം പതിനഞ്ച് ക്യാൻ ബിയർ വരെ കഴിച്ചിരുന്ന മണിയുടെ കരളിന്റെ സ്ഥിതി തീരെ ദുർബലമായിരുന്നു. ബിയർ അടക്കമുള്ളവയിൽ കുറഞ്ഞ അളവിൽ മീഥൈൽ ആൽക്കഹോളിന്റെ അംശമുണ്ടെന്നും മെഡിക്കൽ ബോർഡ് പറയുന്നു. കരൾ ദുർബലമായതിനാൽ മീഥൈൽ ആൽക്കഹോളിന്റെ അംശം രക്തത്തിൽനിന്ന് പുറന്തള്ളാതെ കിടക്കുകയായിരുന്നു.മണിയുടെ ശരീരത്തിൽ നാലു മില്ലിഗ്രാം മീഥൈൽ ആൽക്കഹോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ മീഥൈൽ ആൽക്കഹോൾ മരണകാരണമായിട്ടില്ലെന്ന് സി.ബി.ഐ നിയോഗിച്ച മെഡിക്കൽ ബോർഡ് പറയുന്നു.
കൂടാതെ മണിയുടെ ശരീരത്തിൽ കണ്ടെത്തിയ കീടനാശിനിയുടെ അംശം വേവിക്കാത്ത പച്ചക്കറികൾ കഴിച്ചതിനാൽ ആണെന്നും, രക്തത്തിൽ കണ്ടെത്തിയ കന്നബിനോണിയസ് എന്ന ലഹരിപദാർഥം അദ്ദേഹം കഴിച്ചിരുന്ന ആയുർവേദ ലേഹ്യത്തിൽനിന്നായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ജാഫർ ഇടുക്കി, സാബുമോൻ തുടങ്ങിയ സിനിമാ താരങ്ങൾ അടക്കം ആറുപേരെ സി.ബി.ഐ. നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാൽ ഇവർക്ക് പങ്കുള്ളതായി ഒരു വിവരങ്ങളും സിബിഐ ക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Advertisement