ദില്ലിയിൽ അതീവ ജാഗ്രതാ നിർദേശം,അതിശൈത്യം തുടരുന്നു
ന്യൂഡൽഹി: ദില്ലിയിൽ അതിശൈത്യം തുടരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.തീവണ്ടി ഗതാഗതം താറുമാറായി. വിമാനങ്ങൾ വഴിതിരിച്ചുവിടുകയും സമയക്രമം മാറ്റുകയും ചെയ്തിട്ടുണ്ട്.ഡൽഹി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.ദാൽ തടാകം തണുത്തുറഞ്ഞു.കനത്ത മൂടൽമഞ്ഞ് കാരണം റോഡ് ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. ഡൽഹിയ്ക്കു സമീപം വാഹനാപകടത്തിൽ ആറ് പേർ മരിച്ചു.ഗ്രേറ്റർ നോയ്ഡയിൽ കാർ കനാലിലേയ്ക്ക് മറിഞ്ഞാണ് ആറ് പേർ മരിച്ചത്.
മൂടൽമഞ്ഞിനെ തുടർന്ന് 30 തീവണ്ടികൾ വൈകിയോടുകയാണ്.റോഡിൽ 50 അടി അകലെയുള്ള കാഴ്ചകൾ പോലും വ്യക്തമല്ലാത്തതിനാൽ എമർജൻസി ലൈറ്റ് ഇട്ടാണ് വാഹനങ്ങൾ യാത്രചെയ്യുന്നത്. ഡൽഹിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വാഹനങ്ങൾ പതുക്കെയേ പോകാവൂ എന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
രണ്ടാഴ്ചയോളമായി ഡൽഹിയിലും യുപി, ബിഹാർ, ഹരിയാണ, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. മൂടൽമഞ്ഞും വായുവിലെ പൊടിപടലങ്ങളും മൂലം പകൽ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഡൽഹിയിലുള്ളത്.