പൗരത്വ നിയമ ഭേദഗതി റദ്ദാക്കണം;കേരള നിയമസഭ പ്രമേയം പാസ്സാക്കി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേരള നിയമസഭ പ്രമേയം പാസാക്കി.പട്ടികജാതി പട്ടികവർഗ്ഗ സംവരണം പത്തു വർഷം കൂടി നീട്ടാൻ ഉള്ള പ്രമേയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനമാണ് പ്രമേയം പാസാക്കിയത്. പൗരത്വ നിയമഭേദഗതി റദ്ദാക്കണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ പ്രമേയത്തെ പിന്തുണച്ചു.പ്രമേയത്തെ സഭയിലെ ഏക ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ എതിര്‍ത്തു.
പുതിയ നിയമം പ്രവാസികളുടെ ഇടയിൽ ആശങ്ക സൃഷ്ടിക്കുന്നു. ഇത് മത വിവേചനത്തിന് ഇടയാക്കും. പൗരത്വ നിയമ ഭേദഗതി മതരാഷ്ട്രം സൃഷ്ടിക്കാനെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര നിയമത്തിന് എതിരായി പ്രമേയം പാസാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി എം എൽ എ ഒ രാജഗോപാൽ പ്രമേഹത്തെ എതിർത്തുകൊണ്ട് പറഞ്ഞു. മുസ്ലിംങ്ങൾക്കെതിരായ അല്ല നിയമം.മുസ്ലിങ്ങൾക്ക് എതിരാണ് നിയമമെന്ന് ഒരു സ്ഥലത്തും ബിജെപിയോ കേന്ദ്രസർക്കാരോ പറഞ്ഞിട്ടില്ല.ഭരണഘടന അനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ രാജ്യത്ത് നടക്കുകയുള്ളൂ. പൗരത്വ നിയമ ഭേദഗതിയെ ഇപ്പോൾ എതിർക്കുന്നവർ മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിച്ചവരാണ് എന്നും രാജഗോപാൽ പറഞ്ഞു.