ടിപി യുടെ ഓർമയിൽ ടിപി ചന്ദ്രശേഖരൻ ഭവൻ ഇന്ന് ഉദ്‌ഘാടനം
വടകര: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരന്‍റെ സ്മരണാർത്ഥം വടകര ഓർക്കാട്ടേരിയിൽ ഒരുങ്ങിയ ടി പി ചന്ദ്രശേഖരൻ ഭവൻ ഇന്ന് ഉദ്ഘാടനം ചെയ്യും. ആർഎംപിഐ അഖിലേന്ത്യാ സെക്രട്ടറി മാഗത് റാം പസ്‍ലയാണ് ചന്ദ്രശേഖരൻ ഭവൻ ഉദ്ഘാടനം ചെയ്യുക.രാവിലെ 10 മണിക്ക് ചന്തമൈതാനത്ത് തയ്യാറാക്കിയ വേദിയിലാണ് ഉദ്‌ഘാടനച്ചടങ്ങ്. ചന്ദ്രശേഖരന്‍റെ സ്മരണ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഒന്നരകോടിയോളം രൂപ ചെലവിട്ടാണ് ടി പി ഭവന്‍ നിർമ്മിച്ചത്.
ഉദ്ഘാടനത്തോടൊപ്പം നടക്കുന്ന ടി പി അനുസ്മരണസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുക. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള കോൺഗ്രസ് നേതാക്കളും, ആർ എസ് പി നേതാവ് ഷിബു ബേബിജോണും, മുസ്ലിം ലീഗിന്റെ നേതാക്കളും പരിപാടിയിൽ പങ്കെടുക്കാനെത്തും. വൈകിട്ട് 5മണിക്ക് വടകരയിലാണ് ടിപി അനുസ്മരണ സമ്മേളനം നടക്കുക.
അനുസ്മരണ സമ്മേളനത്തിന്‍റെ ഉദ്ഘാടകനായി നേരത്തേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എത്തുമെന്നാണ് ആർഎംപി നേതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ കാനം പിന്നീട് ഇതിൽ നിന്ന് പിൻമാറി. ചടങ്ങില്‍ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ച കാനം രാജേന്ദ്രന്‍ പിന്നീട് വിളിച്ച് അസൗകര്യം അറിയിച്ചതാണെന്നാണ് ആര്‍എംപി നേതാക്കള്‍ പറയുന്നത്.
സിപിഎമ്മിന്‍റെ സമ്മർദ്ദത്തെത്തുടർന്നാണ് കാനം പിൻമാറിയതെന്ന് ആർഎംപി നേതാവ് എൻ വേണു ആരോപിച്ചിരുന്നു.എന്നാൽ കാനം ഈ ആരോപണം നിഷേധിച്ചു. മറ്റൊരു പരിപാടി ഇതേ ദിവസം നേരത്തേ നിശ്ചയിച്ചിരുന്നതാണെന്നും, അതിനാലാണ് പിൻമാറിയതെന്നും, തന്നെ വിളിച്ച ആർഎംപി നേതാക്കളോട് ആദ്യമേ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും കാനം പിന്നീട് വിശദീകരിച്ചു.