Top Stories
ലോക കേരളസഭ സിപിഎം ന് ഫണ്ട് നൽകുന്നവരെ സർക്കാർ ചിലവിൽ സൽക്കരിക്കാൻ:വി.മുരളീധരൻ
ന്യൂഡൽഹി: ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മാർക്സിസ്റ്റ് പാർട്ടിക്ക് ഫണ്ട് സ്വരൂപിക്കാൻ സഹായിക്കുന്ന ആളുകളെയാണ് പരിപാടിയിൽ പങ്കെടുപ്പിച്ചതെന്നും വി. മുരളീധരൻ ആരോപിച്ചു. വിദേശകാര്യ മന്ത്രാലയവുമായി ഒരുവിധത്തിലുള്ള കൂടിയാലോചനകളും സംസ്ഥാനസർക്കാർ നടത്തിയിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് ലോക കേരള സഭയിൽ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മലയാളികളെയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർക്സിസ്റ്റ് പാർട്ടിക്ക് സംഘടനാ സംവിധാനങ്ങളില്ലാത്ത ഇടങ്ങളിൽ ഫണ്ട് സമാഹരിക്കാൻ സഹായിക്കുന്ന ആളുകളെ വിവിധ ഭാഗങ്ങളിൽനിന്ന് വിളിച്ചുവരുത്തി സർക്കാർ ചെലവിൽ സൽക്കരിക്കുന്ന പരിപാടിയായി ലോക കേരളസഭ മാറിയിരിക്കുകയാണ്.
ലോക കേരള സഭ സംബന്ധിച്ച് വിദേശകാര്യ വകുപ്പുമായി സംസ്ഥാന സർക്കാർ യാതൊരു കൂടിയാലോചനകളും നടത്തിയിട്ടില്ല. കേന്ദ്ര സർക്കാർ ഇടപെടാതെ ഒരു പ്രവാസിയുടെയും പ്രശ്നം പരിഹിരിക്കാൻ സാധിക്കില്ല. കേരള സർക്കാർ എല്ലാറ്റിനും സമാന്തരസംവിധാനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെയാണെങ്കിൽ കേന്ദ്രസർക്കാരിന്റെ ആവശ്യമില്ലല്ലോയെന്നും മുരളീധരൻ പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയെയും പാർലമെന്ററി സംവിധാനത്തെയും വെല്ലുവിളിക്കുന്ന സമീപനമാണ് കേരള സർക്കാരിന്റേത്. പൗരത്വ ഭേദഗതിയുടെ കാര്യത്തിൽ രാഷ്ട്രപതി ഒപ്പിട്ട നിയമത്തെ വെല്ലുവിളിച്ച് നിയമസഭയിൽ പ്രമേയം പാസാക്കുന്ന സർക്കാരിന്റെ പരിപാടിയിൽ സംബന്ധിക്കുന്നത് ഈ സമീപനത്തിന് കൂട്ടുനിൽക്കലാണ്. ഈ കാര്യങ്ങൾക്കൊണ്ടാണ് ലോക കേരളസഭയിൽ പങ്കെടുക്കാതിരുന്നതെന്ന് വി. മുരളീധരൻ പറഞ്ഞു.