വെള്ളാപ്പള്ളി സമുദായഅംഗങ്ങളുടെ രക്തം കുടിക്കുന്ന ഡ്രാക്കുള, :സുഭാഷ് വാസു
ആലപ്പുഴ : വെള്ളാപ്പള്ളിക്കും കുടുംബത്തിനും എതിരെ ആഞ്ഞടിച്ച് സുഭാഷ് വാസു. സമുദായ അംഗങ്ങളുടെ രക്തം കുടിക്കുന്ന ഡ്രാക്കുള ആണ് വെള്ളാപ്പള്ളിയും കുടുംബവും എന്ന് സുഭാഷ് വാസു ആരോപിച്ചു. വെള്ളാപ്പള്ളിയുടെ സ്വത്തുക്കളെല്ലാം അനധികൃതമായി സമ്പാദിച്ചത്. 2002ന് ശേഷം 1000 കോടിയുടെ അനധികൃതമായി സ്വത്ത് വെള്ളാപ്പള്ളിയും കുടുംബവും സമ്പാദിച്ചു. മക്കാവോ ദ്വീപിൽ വെള്ളാപ്പള്ളിക്കും കുടുംബത്തിനും ഫ്ലാറ്റ് ഉണ്ട്. നിരവധി കൊലപാതകങ്ങളും ഗുണ്ടാപ്രവർത്തനങ്ങളും തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളിയും നടത്തിയിട്ടുണ്ട് എന്നും സുഭാഷ് വാസു ആരോപിച്ചു.
“സിപിഎമ്മുമായി വെള്ളാപ്പള്ളിക്കും തുഷാർ വെള്ളാപ്പള്ളിക്കും അവിശുദ്ധ ബന്ധമുണ്ട്. സാമ്പത്തികമായും അല്ലാതെയും ഉള്ള ബന്ധം സിപിഎമ്മുമായി വെള്ളാപ്പള്ളിയും തുഷാറും കാത്തുസൂക്ഷിക്കുന്നു. അനധികൃതമായി ഉണ്ടാക്കിയ സ്വത്ത് സംരക്ഷിക്കാൻആണ് എൻഡിഎയുടെ ഒപ്പം നിൽക്കുന്നത്. അരൂരും ആറ്റിങ്ങലും സിപിഎമ്മുമായി ഒത്തുകളിച്ചുകൊണ്ട് വെള്ളാപ്പള്ളിയും തുഷാറും കുതിരക്കച്ചവടം നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും ആറ്റിങ്ങലിലും ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്. അരൂര്‍ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സിപിഎമ്മിനെ സഹായിച്ചു” എന്നും സുഭാഷ് വാസു ആരോപിച്ചു.
“ചെക്ക് കേസില്‍പ്പെട്ട് തുഷാറിന് ദുബായില്‍ കിടക്കേണ്ടി വന്നത് സ്വന്തക്കാര് മൂലമാണ്. മറിയ എന്നൊരു സ്ത്രീയാണ് തുഷാറിന് ചെക്ക് നല്‍കിയത്. അവരെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല.ദുബായിൽ തുഷാറിന്റെ ബിസിനസിന്റെ കരാര്‍ ഏറ്റെടുത്ത് നടത്തിയ വകയിൽ 3.60 ലക്ഷം ദിർഹം തനിക്ക് നൽകാനുണ്ട്. ഈ പണം ഇതുവരേയും തനിക്ക് തുഷാര്‍ തന്നിട്ടില്ല” എന്നും സുഭാഷ് വാസു പറഞ്ഞു.
“രേഖകൾ പ്രകാരം ബിഡിജെഎസ് ന്റെ സ്ഥാപക പ്രസിഡന്റും നിലവിലുള്ള പ്രസിഡണ്ടും ഞാനാണ്. തുഷാർ വെള്ളാപ്പള്ളി ഗുണ്ടകൾ അയച്ച എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. എന്തു സംഭവിച്ചാലും എനിക്ക് പ്രശ്നമില്ല. വെള്ളാപ്പള്ളി യുടെയും മകന്റെയും അനധികൃതമായിട്ടുള്ള എല്ലാ വിവരങ്ങളുടെയും രേഖകൾ എന്റെ കൈവശമുണ്ട്. വരുന്ന പതിനാറാം തീയതി മുൻ ഡിജിപി സെൻകുമാറുമായി ചേർന്ന് നടത്തുന്ന പത്രസമ്മേളനത്തിൽ വെള്ളാപ്പള്ളിയുടെയും മകന്റെയും കോലപാതകങ്ങളുടെയും, അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെയും അടക്കം രേഖകൾ ഞാൻ മാധ്യമങ്ങൾ മുന്നിൽ ഹാജരാക്കും”സുഭാഷ് വാസു പറഞ്ഞു.