ഇറാൻ കമാണ്ടറെ വ്യോമാക്രമണത്തിൽ വധിച്ച് അമേരിക്ക
ബാഗ്ദാദ്: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ സൈനിക മേധാവിയടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. ഇസ്ലാം റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനി, പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാൻ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹന്ദിസ് അടക്കം ഏഴുപേരാണ് അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്.ആക്രമണത്തിന് പിന്നാലെ രാജ്യന്തര വിപണിയിൽ എണ്ണ വില കൂടി.
സൈനിക സംഘത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെ അമേരിക്ക റോക്കറ്റാക്രമണം നടത്തുകയായിരുന്നു. പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് വ്യോമാക്രമണം എന്ന് പെന്റഗൺ പ്രതികരിച്ചു.ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകർ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടുകയും ചെയ്തു. ഇതിന് പിന്നിൽ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇറാനിലെ സൈനിക തലവനെ അമേരിക്ക വധിച്ചത്.
അപകടകരമായ കാര്യമാണ് അമേരിക്ക ചെയ്തതെന്ന് ഇറാൻ പ്രതികരിച്ചു. മണ്ടത്തരമാണ് അമേരിക്ക കാണിച്ചത് ശക്തമായ മറുപടി അമേരിക്കക്ക് നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കാനാണ് ആക്രമണമെന്നാണ് അമേരിക്കയുടെ വിശദീകരണം. ഭീകരവാദത്തിനെതിരെ ഉള്ള ശക്തമായ നടപടിയാണിതെന്നും അമേരിക്ക അവകാശപ്പെടുന്നു.