‘ഞാനുൾപ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി അവതാരകരായ സ്ത്രീകളെ വേദിയിൽ വച്ച് അപമാനിക്കുന്നത്’:സനിത മനോഹർ
വേദിയിൽ നിലവിളക്ക് കൊളുത്തുന്നതിനിടെ സദസ്യരോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ട അവതാരകയോട് കയർത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മറ്റൊരു അവതാരകയുടെ കുറിപ്പ്. അവതാരകയായ സനിത മനോഹറാണ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയെ വിമർശിച്ചത്. മൂന്നാം തവണയാണ് മുഖ്യമന്ത്രി വനിതാ അവതാരകരെ പൊതുവേദിയിൽ വെച്ച് അപമാനിക്കുന്നതെന്നും അഭിമാനത്തെ മുറിപ്പെടുത്തും വിധം തളർത്തരുതെന്നും കുറിപ്പിലൂടെ സനിത പറയുന്നു.
അവതാരികയായിരിക്കെ തനിക്കും മുഖ്യമന്ത്രിയിൽ നിന്ന് ഇത്തരം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും സനിത വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ജന്മികൾ അടിയാൻമാരോട് പെരുമാറുന്നത് പോലെയാണ് തന്നോട് പെരുമാറിയതെന്ന കടുത്ത വിമർശനമാണ് അവതാരക ഉയർത്തിയിരിക്കുന്നത്.ചെറുതാണെങ്കിലും വലുതാണെങ്കിലും അഭിമാനം എല്ലാവർക്കുമുണ്ടെന്ന് ഓർമപ്പെടുത്തിയാണ് സനിത മനോഹർ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഞാനുൾപ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യ മന്ത്രി അവതാരകരെ അതും സ്ത്രീകളെ വേദിയിൽ വച്ച് അപമാനിക്കുന്നത് . ഒരു വർഷം മുന്നേ കോഴിക്കോട് ടാഗോറിൽ നടന്ന അവാർഡ് ദാന പരിപാടിയിൽ അവതാരക ഞാനായിരുന്നു . ക്ഷണിക്കപ്പെടുന്ന വ്യക്തികളെ കുറിച്ച് ഞാൻ തന്നെയാണ് എന്റെ പരിപാടികളിൽ എഴുതി തയ്യാറാക്കുക . സംഘാടകർ കൂടുതൽ എഴുതാൻ പറഞ്ഞാലും വളരെ കുറച്ചെ എഴുതാറുള്ളൂ. ആവശ്യമില്ലാത്ത അലങ്കാരങ്ങൾ നൽകാറില്ല . ആ പരിപാടിയിലും മുഖ്യമന്ത്രിയെ പ്രസംഗിക്കാൻ വിളിക്കുമ്പോൾ രണ്ടേ രണ്ടു വരി വിശേഷണം കൊടുത്തു ക്ഷണിക്കുകയാണ് . ഞാൻ മുഴുമിപ്പിക്കും മുൻപ് മൈക്കിനടുത്തേയ്ക്കു വന്നു “മാറി നിൽക്ക്” ( പഴയ കാലത്ത് ജന്മിമാർ അടിയാളന്മാരോട് പറയുന്നത് പോലെ ) എന്ന് പറഞ്ഞു മൈക്കിലൂടെ പ്രസംഗം തുടങ്ങി . എനിയ്ക്കൊന്നും മനസ്സിലായില്ല . ഞാനെന്തു തെറ്റാണ് ചെയ്തതെന്നും . ആളുകൾ എന്നെ ദയനീയമായി നോക്കുന്നുണ്ടായിരുന്നു . ഒന്ന് പതറിയെങ്കിലും തളർന്നില്ല . അത് അദ്ദേഹത്തിന്റെ മര്യാദ ആവും എന്ന് കരുതി കൂടുതൽ ഊർജ്ജത്തോടെ നിന്നു . പ്രസംഗം കഴിഞ്ഞു നന്ദി പറയാൻ മൈക്കിനടുത്തേയ്ക്കു നടക്കുമ്പോൾ പറയാൻ തീരുമാനിച്ചു . “സർ .സാറിന്റെ മാറിനിൽക്ക് എന്ന ജന്മി പ്രയോഗത്തോട് വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് നന്ദി’ എന്ന് . പക്ഷെ പറഞ്ഞില്ല .നന്ദി മാത്രം പറഞ്ഞു . അന്നത്തെ ആ പരിപാടി തന്റെ ജീവിതവും സമ്പാദ്യവും ഭിന്നശേഷിക്കാർക്കായി മാറ്റിവച്ച ഒരു വലിയ മനുഷ്യന് അവാർഡു നൽകുന്ന ചടങ്ങായിരുന്നു . ആ ചടങ്ങു ഭംഗിയാവണമെന്നു ഏറെ ആഗ്രഹിച്ച ഞാൻ തന്നെ അതിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നത് ശരിയാണെന്നു തോന്നിയില്ല . ജീവിതത്തിൽ ആദ്യമായിട്ടാണ് അപമാനിക്കപ്പെട്ടിട്ട് പ്രതീകരിക്കാതെ നിന്നത്. പരിപാടി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആളുകളുടെ പ്രതീകരണത്തിൽ നിന്നു മനസ്സിലായി പരിഹസിക്കപ്പെട്ടതു ഞാനല്ല മുഖ്യമന്ത്രിയാണെന്ന്.ന്യായീകരണക്കാർ പറയുന്നുണ്ടായിരുന്നു മുഖ്യന് പുകഴ്ത്തുന്നത് ഇഷ്ടമല്ലെന്ന്.രണ്ടു വരി വിശേഷണം ഏതൊരു വ്യക്തിയെ ക്ഷണിക്കുമ്പോളും നല്കുന്നതാണല്ലോ . അതെ നൽകിയിട്ടുള്ളൂ . എന്നാൽ ഇതേ മുഖ്യൻ ദേശാഭിമാനിയുടെ വേദിയിൽ അരമണിക്കൂറോളം അദ്ദേഹത്തെ പുകഴ്ത്തുന്നത് ആസ്വദിച്ചിരിക്കുന്നതിന്റെ വിഡിയോ ഞാൻ കണ്ടിട്ടുണ്ട് . രണ്ടു വർഷം മുന്നേ അവതാരകയുടെ ആമുഖം നീണ്ടു പോയി എന്ന് പറഞ്ഞു മുഖ്യമന്ത്രി ഒരു വേദിയിൽ നിന്നു ഇറങ്ങിപ്പോയിരുന്നു . ഇത്രയും ഇപ്പോൾ ഇവിടെ പറഞ്ഞത് മുഖ്യമന്ത്രി വീണ്ടും ഒരു അവതാരകയെ ആളുകളുടെ മുന്നിൽ അപമാനിച്ചതുകൊണ്ടാണ് . വർഷങ്ങളായി നമ്മുടെ നാട്ടിൽ കാണുന്ന രീതിയാണ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നത് . അത് ഇന്നും തുടരുന്നു . നിലവിളക്കൊക്കെ ചില വിഭാഗത്തിന്റേതു മാത്രമായി കാണാൻ തുടങ്ങിയത് ഈ അടുത്താണല്ലോ . അത്തരം രീതിയോട് വിയോജിപ്പുണ്ടെങ്കിൽ അത് സംഘാടകരെ നേരത്തെ അറിയിക്കണം . നിലവിളക്ക് ഒഴിവാക്കണം . ഇവിടെ ആ അവതാരക പൊതുവെ എല്ലാവരും ചെയ്യുന്നപോലെ ഉദ്ഘാടനം ചെയ്യുമ്പോൾ എല്ലാവരും എഴുന്നേൽക്കണമെന്നു പറഞ്ഞു . ഉദ്ഘാടനം നിലവിളക്ക് കൊളുത്തി ആയതു കൊണ്ട് കൊളുത്തുമ്പോൾ എഴുന്നേൽക്കണമെന്നു പറഞ്ഞു .അത്രയേ ഉള്ളൂ. വേണ്ടവർ എഴുന്നേറ്റാൽ മതി . ആരെയും നിർബന്ധിക്കുകയൊന്നും ഇല്ല . ഞാൻ ഉദ്ഘാടന സമയത്ത് കയ്യടിക്കാനാണ് പറയാറുള്ളത് . അതും ഒരേ ഒരു തവണ .ചിലർ ചെയ്യും . ചിലർ ചെയ്യില്ല . കലാപരിപാടികൾ ഉണ്ടെങ്കിൽ തുടക്കത്തിൽ സൂചിപ്പിക്കും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കണമെന്ന് . അത്രയേ ഉള്ളൂ . ഇരന്ന് കൈയ്യടി വാങ്ങികൊടുക്കാറില്ല. ഞാൻ കൈയ്യടിക്കാൻ പറയുന്നില്ലെന്ന് സംഘാടകർ പരാതി പറയുമ്പോൾ ഇത്രയെ പറ്റൂ. അടുത്ത തവണ എന്നെ അവതാരകയായി വിളിക്കേണ്ട എന്ന് പറയും.അങ്ങിനെ ചെയ്യുന്നവരോട് അതിന്റെ ആവശ്യമില്ലെന്ന് പറയാറുമുണ്ട് . ഞാൻ പങ്കെടുക്കുന്ന പരിപാടികൾ ഇങ്ങനെയൊക്കെ ആയിരിക്കണമെന്ന് മുഖ്യമന്ത്രിക്കോ അതേപോലെ ക്ഷണിക്കപ്പെടുന്ന വ്യക്തികൾക്കോ നിലപാടുണ്ടെങ്കിൽ ആദ്യമേ അത് സംഘാടകരെ അറിയിക്കണം . നിർബന്ധമായും പാലിച്ചിരിക്കാൻ നിർദ്ദേശം കൊടുക്കണം . അങ്ങിനെ വരുമ്പോൾ അവർ അത് അവതാരകയെ അറിയിക്കും . അതനുസരിച്ച് അവതാരക വേദിയിൽ പെരുമാറും .രാഷ്ട്രീയകാഴ്ചയ്ക്കല്ലാതെ യഥാർത്ഥത്തിലുള്ള സ്ത്രീ ബഹുമാനം ഉണ്ടെങ്കിൽ ചെയ്യേണ്ടത് അതാണ് അല്ലാതെ ആയിരക്കണക്കിന് ആളുകൾ നോക്കി നിൽക്കുമ്പോൾ അവതാരകയോട് ആജ്ഞാപിച്ചു ആളാവുകയല്ല ചെയ്യേണ്ടത് . ചെറുതായാലും വലുതായാലും അഭിമാനം എല്ലാവർക്കുമുണ്ട്.
മുഖ്യമന്ത്രിയോടാണ് , വേദിയിൽ ഇരിക്കാൻ അവസരം കിട്ടുന്ന വിശിഷ്ട വ്യക്തികളോടാണ് , സംഘാടകരോടാണ് . ഒരു പരിപാടി ആദ്യം തൊട്ട്…
Posted by Sanitha Manohar on Thursday, January 2, 2020