റോഡരികിൽ മാലിന്യം തള്ളി;30,000 രൂപ പിഴ ചുമത്തി ഹരിപ്പാട് നഗരസഭ
ആലപ്പുഴ : ഹരിപ്പാട് ദേശീയപാതയിൽ മാലിന്യം ഉപേക്ഷിച്ച ആളിൽ നിന്നും 30,000 രൂപ പിഴ ഈടാക്കി ഹരിപ്പാട് നഗരസഭ. കായംകുളം സ്വദേശി ഷമീമിൽ നിന്നുമാണ് റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞതിന് 30,000 രൂപ പിഴ ഈടാക്കിയത്. ഹരിപ്പാട് നഗരസഭ പരിധിയിൽ ആർകെ ജങ്ഷന് തെക്ക് വശം ദേശീയപാതയോരത്താണ് കഴിഞ്ഞ ദിവസം രാത്രിയിൽ മാലിന്യം ഉപേക്ഷിച്ചത്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് നഗരസഭ അധികൃൾ നടത്തിയ പരിശോധനയിലാണ് ഷമീമാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തിയത്. സിസിടിവി പോലും ഇല്ലാത്ത പ്രദേശത്ത് ഉദ്യോഗസ്ഥർ നടത്തിയപരിശോധനയിൽ, മാലിന്യത്തിൽ നിന്നും കായംകുളത്തെ കട തിരിച്ചറിയുന്ന രേഖകള്‍ കണ്ടെത്തി. തുടർന്ന് ഉടമയായ ഷമീമിനെ വിവരം അറിയിച്ചെങ്കിലും ആദ്യം നിഷേധിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ കടയുടെ രേഖകൾ കാണിച്ചതിനെ തുടർന്നാണ് മാലിന്യം വലിച്ചെറിഞ്ഞത് താനാണെന്ന് ഷമീം ആണെന്ന് സമ്മതിച്ചത്.
ഭക്ഷണത്തിന്റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങൾ ആണ് വാഹനത്തിൽ ഇവിടെ ഉപേക്ഷിച്ചത്. മുപ്പതിനായിരം രൂപയാണ് നഗരസഭാ അധികൃതർ ഷമീമിൽ നിന്നും ഈടാക്കിയത്. കൂടാതെ മാലിന്യവും ഇവിടെ നിന്നും തിരികെ എടുപ്പിച്ചു.നഗരസഭാ പരിധിയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.