സ്വര്‍ണ്ണക്കടത്തുകേസ്: സ്വപ്ന സുരേഷ് മുങ്ങിയതിന് പിന്നിൽ ഉന്നത ബന്ധം
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ നിന്ന് മുങ്ങിയത് സ്വർണ്ണം പിടിയ്ക്കുന്നതിന്റെ തലേദിവസം. സ്വപ്ന ഫ്ലാറ്റില്‍ നിന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ഫ്ളാറ്റിൽനിന്നും കസ്റ്റംസിന് ലഭിച്ചു. സ്വപ്നയുടെ തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
സ്വപ്ന സുരേഷ് മുങ്ങിയതിന് പിന്നിൽ ഉന്നത ബന്ധമുണ്ടെന്നാണ് സംശയം. കസ്റ്റംസ് നൽകിയ വിവരങ്ങൾ കോൺസുലേറ്റിൽ നിന്ന് ചോർന്നതാകാം സ്വപ്നയ്ക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്നാണ് സംശയിക്കുന്നത്. കോൺസുലേറ്റിലെ ജീവനക്കാരുടെ സഹായമോ ഉന്നതല ഇടപെടലുകളുണ്ടായോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ ആരോപണ വിധേയയായ സ്വപ്‌ന സുരേഷും ഭരണകേന്ദ്രത്തിലെ ഉന്നതരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്വപ്‌ന അഞ്ചുകൊല്ലത്തോളം താമസിച്ചിരുന്ന തിരുവനന്തപുരം മുടവന്‍മുഗളിലെ ഫ്‌ളാറ്റില്‍ സ്റ്റേറ്റ് കാറുകളിൽ വരുന്ന വിഐപികള്‍ നിത്യസന്ദര്‍ശകരായിരുന്നു എന്ന് ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കോണ്‍സുലേറ്റില്‍ ജോലിചെയ്യുമ്പോഴാണ് സ്വപ്‌ന സുരേഷ് ഇവിടെ താമസിച്ചിരുന്നതെന്നും ഒരു വര്‍ഷം മുന്‍പാണ് ഇവിടെനിന്ന് താമസം മാറിയതെന്നും ഫ്‌ളാറ്റിലെ താമസക്കാര്‍ പറയുന്നു.
ഐടി സെക്രട്ടറി ശിവശങ്കരൻ സര്‍ക്കാര്‍ കാറില്‍ ഫ്‌ളാറ്റില്‍ വരാറുണ്ടായിരുന്നെന്നും മദ്യപിച്ചാണ് മടങ്ങിപ്പോകാറുള്ളതെന്നും ഇവര്‍ ആരോപിച്ചു. രാത്രി വൈകി ഐടി സെക്രട്ടറിക്ക് തിരിച്ചുപോകുന്നതിന് ഗെയിറ്റ് തുറന്നുകൊടുക്കാത്തതിന്റെ പേരില്‍ സ്വപ്‌നയുടെ രണ്ടാം ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചിരുന്നു.അതുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. പിന്നീട് കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്നും താമസക്കാര്‍ പറയുന്നു.