കാർ യാത്രികരെ മർദ്ദിച്ച് കാറും പണവും കവർന്ന സംഘം അറസ്റ്റിൽ
പാലക്കാട്: കാർ യാത്രികരെ മർദ്ദിച്ച് 60 ലക്ഷം രൂപയും കാറും കവർന്ന സംഭവത്തിൽ ആലപ്പുഴ സ്വദേശികളായ പത്തംഗസംഘം അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ സുരേഷ് (34), ലൈജു (43), ശ്രീക്കുട്ടൻ (24), സിനാൻ (26), നസറുദ്ദീൻഷാ (24), മുഹമ്മദ് റഫീക്ക് (26), അബ്ദുൾഖാദർ (23), പ്രവീൺ (28), അജ്മൽ (23), അൻസാരി (29) എന്നിവരാണ് ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്. പ്രതികളെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.
കഴിഞ്ഞ ഡിസംബർ 20 ന് മണലി ബൈപ്പാസിലായിരുന്നു കവർച്ച. മലപ്പുറം സ്വദേശികളുടെ പണവും കാറുമാണ് സംഘം കവർന്നത്. രാവിലെ അഞ്ചേമുക്കാലോടെ രണ്ട് വാഹനങ്ങളിലായെത്തിയ സംഘം കാർ യാത്രികരെ മർദിച്ച് കവർച്ച നടത്തി രക്ഷപ്പെടുകയായിരുന്നു.
കാറിലും ലോറിയിലുമായാണ് സംഘം കവർച്ച നടത്താനെത്തിയതെന്ന് പോലീസ് പറയുന്നു. റോഡിൽ ആലപ്പുഴവരെയുള്ള 80 ഓളം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചു. ഇതിൽനിന്ന് കാർ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.തുടർന്ന്, ജില്ലാ പോലീസ് മേധാവി ശിവവിക്രം ഡിവൈ.എസ്.പി. സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്കരിച്ചു. മഫ്തിയിൽ ആലപ്പുഴയിലെത്തി പ്രാദേശികമായി അന്വേഷണം നടത്തി. ഇതിലൂടെ സുരേഷ് (34), ലൈജു (43) എന്നിവരെ വ്യാഴാഴ്ചയോടെ പിടികൂടി. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ പ്രതികളും പിടിയിലായത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് നോർത്ത് സി ഐ ഷിജു എബ്രഹാം പറഞ്ഞു. എസ്.ഐ. എസ്. അൻഷാദ്, എ.എസ്.ഐ.മാരായ നന്ദകുമാർ, ജയപ്രകാശൻ, സീനിയർ സി.പി.ഒ.മാരായ നൗഷാദ്, ജ്യോതികുമാർ, സാജിത്, സി.പി.ഒ.മാരായ സന്തോഷ്കുമാർ, രഘു, മഹേഷ്, സജീന്ദ്രൻ, ഡ്രൈവർ ചന്ദ്രമോഹൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.