Top Stories
ബാഗ്ദാദിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം
ബാഗ്‌ദാദ്: ബാഗ്‌ദാദിൽ വീണ്ടും അമേരിക്കൻ ആക്രമണം. വടക്കൻ ബാഗ്ദാദിലെ ടാജി റോഡിലാണ് യുഎസ് ആക്രമണമുണ്ടായത്. ഇറാൻ പിന്തുണയുള്ള ഇറാഖ് പാരാമിലിറ്ററി വിഭാഗത്തിന്റെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. ഇറാൻ പൗരസേനയുടെ ആറ് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.രണ്ട് കാറുകൾ ആക്രമണത്തിൽ തകർന്നു . പുലർച്ചെ 1.15 ഓടെയായിരുന്നു അമേരിക്കയുടെ ആക്രമണം ഉണ്ടായത്. സഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ചാരസേനാ തലവൻ ഖാസിം സൊലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് അമേരിക്ക വീണ്ടും ബാഗ്ദാദിൽ ആക്രമണം നടത്തിയത്. ഖാസിം സൊലൈമാനിയെ വധിച്ചതിൽ അമേരിക്കക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ആയത്തുള്ള അലി ഖുമൈനി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാമതും അമേരിക്ക ആക്രമണം നടത്തിയത്.
പൗരസേനയ്ക്ക് എതിരെ ഇനിയും ആക്രമണം നടത്തുമെന്ന സൂചനയാണ് അമേരിക്ക ഈ നീക്കത്തിലൂടെ നൽകുന്നത്. ഖാസിം സൊലൈമാനിയെ വധിച്ചത് യുദ്ധം തുടങ്ങാനല്ല, മറിച്ച് അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം അമേരിക്കൻ ആക്രമണത്തെ ഇസ്രയേൽ അനുകൂലിച്ചപ്പോൾ മറ്റ് ലോകരാഷ്ട്രങ്ങൾ ഖാസിം സൊലൈമാനിയുടെ വധത്തിൽ അപലപിക്കുകയായിരുന്നു.