വിഷരഹിത പച്ചക്കറി സംസ്ഥാനത്താകെ; ‘ജീവനി’ പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം : സംസ്ഥാന കൃഷി വകുപ്പിന്റെ ‘ജീവനി’-നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ തേക്കിൻകാട് മൈതാനിയിലെ വൈഗ 2020 വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഹരിത കേരള മിഷനും ആർദ്രം മിഷനും സംയോജിപ്പിച്ച് കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ‘ജീവനി’. വിഷരഹിത പച്ചക്കറി സംസ്ഥാനത്താകെ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ജീവനി നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ പച്ചക്കറി ഉൽപ്പാദനത്തില്‍ സ്വയം പര്യാപ്തമാക്കാൻ പദ്ധതിക്ക് കഴിയുമെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതീക്ഷ പ്രകടിപ്പിച്ചു. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപതതയ്ക്കപ്പുറം കയറ്റുമതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാല് വിമാനത്താവളങ്ങളും തുറമുഖവും ഉള്ള നമുക്ക് പുഷ്പമായാൽ പോലും കയറ്റിയയക്കാൻ കഴിയും എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
2500 സ്കൂളുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ പച്ചക്കറിത്തോട്ടം, 1200 പച്ചക്കറി ക്ലസ്റ്ററുകളുടെ രൂപീകരണം, 2000 മഴ മറ യൂണിറ്റുകൾ, പതിനായിരം സൂക്ഷ്മ ജല സോചന യൂണിറ്റുകൾ സ്ഥാപിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളാണ് ജീവനി പദ്ധതിക്ക് ഉള്ളത്. ആദിവാസി മേഖലകളിൽ പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കാനും ബ്ലോക്ക് തലത്തിൽ ക്രോപ്പ് കലണ്ടർ രൂപീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി. 2021 ൽ സംസ്ഥാനത്തെ പച്ചക്കറി ഉല്‍പ്പാദനം 16 മെട്രിക് ടൺ ആയി ഉയർത്താനാകുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. 2021 വിഷു വരെ നീണ്ടു നിൽക്കുന്നതാണ് ‘ജീവനി’ പദ്ധതി.