അമിത്ഷായ്ക്കെതിരെ 35 കിലോമീറ്റർ കറുത്ത മതിൽ ഒരുക്കും:യുത്ത് ലീഗ്
കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം കറുത്ത മതിൽ ഒരുക്കി പ്രതിഷേധം തീര്‍ക്കാനൊരുങ്ങി യൂത്ത് ലീഗ്.യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസാണ് ബ്ലാക്ക് വാൾ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു കൊണ്ടുള്ള പ്രചാരണത്തിനായി അമിത് ഷാ കേരളത്തിൽ എത്തുന്ന ജനുവരി 15 നാണ് കറുത്ത മതിൽ പ്രതിഷേധംസംഘടിപ്പിക്കാൻ യുത്ത് ലീഗ് തീരുമാനിച്ചിട്ടുള്ളത്.
ജെ എൻ യു വിൽ നടന്ന ആക്രമണങ്ങൾക്കു പിന്നിൽ ആര്‍എസ്എസ് ഭീകരവാദികളാണെന്ന് പി കെ ഫിറോസ് ആരോപിച്ചു. ജെ എൻ യു വിൽ നടത്തിയ ആക്രമണത്തിലുള്ള പ്രതിഷേധം കൂടിയാണ് കറുത്ത മതിൽ തീർക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും പികെ ഫിറോസ് കോഴിക്കോട്ട് പറഞ്ഞു.
ജനുവരി 15ന് കറുത്ത വസ്ത്രം ധരിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ റോഡിന് ഇരുവശവും പ്രതിഷേധ മതിൽ തീർക്കും. കരിപ്പൂർ വിമാനത്താവളം മുതൽ വെസ്റ്റ്ഹിൽ ഹെലിപ്പാഡ് വരെ 35 കിലോമീറ്റർ ദൂരത്തിലാണ് ബ്ലാക്ക് വാൾ തീർക്കുക. ഒരു ലക്ഷം പേർ മതിലിൽ പങ്കാളികളാകുമെന്നും പികെ ഫിറോസ് അവകാശപ്പെട്ടു.