News

മലപ്പുറത്ത് മയക്കുമരുന്ന് മാഫിയ തലവൻ എക്സൈസ് പിടിയിൽ

മലപ്പുറം : മലപ്പുറം കൊണ്ടോട്ടിയിൽ വൻ മയക്കുമരുന്ന് മാഫിയ തലവൻ എക്സൈസ് പിടിയിൽ. കൊണ്ടോട്ടി എക്കാപറമ്പ് മലയതോട്ടത്തിൽ സ്വദേശി പി കെ ഷഫീഖ് എന്നയാളെയാണ് മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.ജിനീഷും സംഘവും അറസ്റ്റ് ചെയ്യ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുകളായ 50 ഗ്രാം ബ്രൗൺ ഷുഗറും 13.270 ഗ്രാം എം.ഡി.എം.എ-യും ഒന്നര കിലോയോളം കഞ്ചാവും പിടികൂടി. കൊണ്ടോട്ടി കേന്ദ്രീകരിച്ച് നിരവധി ആളുകൾ സഹകരിക്കുന്ന വൻ മയക്കുമരുന്ന് മാഫിയ ആണ് ഇയാളുടേത്.ന്യൂ ഇയർ പ്രമാണിച്ച് ഇയാളുടെ നേതൃത്വത്തിൽ കൊണ്ടോട്ടി മേഖലയിൽ വെച്ച് കോഴിക്കോട് ജില്ലയിലേക്ക് ഉൾപ്പെടെ വ്യാപകമായി വിവിധ മയക്കുമരുന്നുകൾ വിൽപന നടത്തിയതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഇയാൾ വീട്ടിൽ വച്ച് വില്പനയ്ക്കായി മയക്കുമരുന്നുകൾ ചെറു പൊതികളിലാക്കുന്നതിനിടെയാണ് പിടിയിലാകുന്നത്.

പുതുവർഷം പ്രമാണിച്ച് മേഖലയിൽ പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എ വ്യാപകമായി വിറ്റഴിച്ചതായി ഇയാൾ മൊഴി നൽകി ബാംഗ്ലൂർ കലാസിപാളയത്ത് നിന്നാണ് ഇയാൾ വിവിധ മയക്കുമരുന്നുകൾ ശേഖരിക്കുന്നത്. തുടർന്ന് കൊണ്ടോട്ടിയിലെ നിരവധി ചെറുകിട ഏജന്റുമാർ മുഖേന ചെറുപൊതികളിലാക്കി വിൽപന നടത്തും. ബൈക്കിൽ കറങ്ങി നടന്ന് ഇങ്ങനെ വിൽപ്പന നടത്തുന്ന നിരവധി ഡെലിവറി ബോയ്സ് ഇയാൾക്ക് സഹായികളായി ഉള്ളതായി എക്സൈസ് അറിയിച്ചു. കൊണ്ടോട്ടി ടൗണിൽ ഇവർ പറയുന്നയിടങ്ങളിൽ ആവശ്യക്കാരിൽ നിന്ന് മുൻകൂറായി പണം വാങ്ങി നിർത്തിയശേഷം പരിസരം നിരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷം മറ്റൊരാൾ മറ്റൊരു വാഹനത്തിൽ വന്ന് പെട്ടെന്ന് സാധനം ‘ഡെലിവറി’ ചെയ്തു പോകുന്ന രീതിയാണ് ഇവരുടേത്.

advertisement

നിലവിലുള്ള എൻ.ഡി.പി.എസ് നിയമപ്രകാരം അര ഗ്രാമിൽ കൂടുതൽ എം.ഡി.എം.എ കൈവശം വെക്കുന്നത് പിടിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവ് ലഭിക്കാവുന്നതും, 10 ഗ്രാമിന് മുകളിൽ കൈവശം വെക്കുന്നത് 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്. എന്നിരിക്കെ പല യുവാക്കളും ഈ ലഹരിവസ്തുവിന്റെ നിയമപരവും ആരോഗ്യകരവുമായ ഭവിഷ്യത്തുകളും അവഗണിച്ച് ഗ്രാമിന് 4000 രൂപ വരെ ഒറ്റ ഉപയോഗത്തിന് വേണ്ടി ഇത്തരം വിൽപ്പനക്കാരിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നുണ്ട്. ബാംഗ്ലൂരിലും ഗോവയിലും മറ്റും താമസിക്കുന്ന ആഫ്രിക്കൻ സ്വദേശികളാണ് ഇത്തരം മാരകമായ മരുന്നുകൾ സ്വന്തമായി നിർമ്മിച്ച് മലയാളികളായ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഏജന്റുമാരിലൂടെ കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ഇവ വിറ്റഴിക്കുന്നത്.

Al-Jazeera-Optics
Advertisement

അഞ്ച് ഗ്രാമിൽ കൂടുതൽ ബ്രൗൺഷുഗർ കൈവശം വെക്കുന്നത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് എന്നിരിക്കെയാണ് 50 ഗ്രാമിലധികം ബ്രൗൺ ഷുഗറുമായി ഷെഫീഖ് എക്സൈസിന്റെ വലയിലായത്. ബ്രൗൺഷുഗർ വിറ്റഴിക്കുന്നതിന് പ്രത്യേകം ഏജന്റുമാർ വേറെയുണ്ട്. കൊണ്ടോട്ടി ടൗണിലും പരിസരത്തുമായി ഇറങ്ങി നടന്നു ഇവർ ആവശ്യക്കാർക്ക് 1000 രൂപ നിരക്കിൽ ബ്രൗൺഷുഗറിന്റെ ചെറു പൊതികൾ വില്പന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കഞ്ചാവിന് ആവശ്യക്കാർക്ക് അതും എത്തിച്ചു നൽകും. അതിന് വേറെ ഏജന്റുമാർ ഉണ്ട്. പുതുവർഷപ്പിറവിയിൽ കഞ്ചാവിനെക്കാൾ പ്രിയം എം.ഡി.എം.എ-ക്കും ബ്രൗൺഷുഗറിനുമായിരുന്നു.

കഴിഞ്ഞദിവസം അരീക്കോട് മൈത്ര പാലത്തിൽ നിന്ന് എം.ഡി.എം.എ- യുമായി കാവനൂർ സ്വദേശി ആദിൽ റഹ്മാൻ പിടികൂടിയതിനെ തുടർന്ന് എക്സൈസ് ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണമാണ് കൊണ്ടോട്ടി കേന്ദ്രീകരിച്ചുള്ള വൻമയക്കുമരുന്ന് മാഫിയയിലേക്ക് എക്സൈസിനെ എത്തിച്ചത്.

എക്സൈസ് ഇൻസ്പെക്ടർ ഇ. ജിനീഷ്, , എക്സൈസ് ഇന്റലിജൻസ് വിഭാഗം ഓഫീസർ ടി. ഷിജുമോൻ എന്നിവരോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ ഹംസ. പി.ഇ, മധുസൂദനൻ പി, എം വിജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജൻ നെല്ലിയായി, പ്രദീപ് കെ, ഉമ്മർകുട്ടി, സാജിദ് കെ.പി, നുഷൈർ. ഇ, ടി. ശ്രീജിത്ത്, രജിലാൽ പി.കെ., ഷബീർ അലി, അഹമ്മദ് റിഷാദ്, സജിത. പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button