മുത്തൂറ്റ് എംഡിക്ക് കല്ലേറ്:സിഐടിയുക്കാരെന്ന് ഈപ്പൻ അലക്സാണ്ടർ;സിഐടിയുക്കാരെന്ന് വരുത്തിത്തീർക്കാനുള്ള ആസൂത്രിത ശ്രമമെന്ന് എം. സ്വരാജ്
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് എം ഡി ജോര്‍ജ് അലക്സാണ്ടര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറ്. സി ഐ ടി യു പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നാണ് ആരോപണം. കല്ലേറിൽ ജോർജ് അലക്സാണ്ടറിന്റെ തലയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് കൊച്ചിയിലെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ വച്ച് മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്.
സമരത്തെത്തുടർന്ന്, മുത്തൂറ്റ് ഹെഡ് ഓഫീസിലെ ജീവനക്കാരെല്ലാം കമ്പനി വാഹനത്തിൽ ഓഫീസിലേക്ക് വരുമ്പോഴാണ് ഹെഡ് ഓഫീസിന് മുന്നിൽ വച്ച് എംഡിയുടെ വാഹനത്തിന് നേർക്ക് ആക്രമണമുണ്ടായത്. ഇരുപതോളം പേർ കല്ലെറിഞ്ഞു എന്നാണ് മാനേജ്മെന്റ് പറയുന്നത്. ജോർജ് അലക്സാണ്ടറും മകൻ ഈപ്പൻ അലക്സാണ്ടറും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേർക്ക് വലിയ കോൺക്രീറ്റ് കട്ടയെടുത്ത് എറിഞ്ഞു എന്ന് മാനേജ്മെന്റ് പറയുന്നു.
തുടർച്ചയായി സിഐടിയുവിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായെന്ന് മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറുടെ മകൻ ഈപ്പൻ അലക്സാണ്ടർ. വലിയ കല്ലെടുത്താണ് എറിഞ്ഞത്. ആ കല്ലെങ്ങാനും തന്റെ അച്ഛന്റെ ദേഹത്ത് കൊണ്ടെങ്കിൽ അദ്ദേഹം ഇപ്പോൾ ജീവനോടെ കാണില്ലെന്നും ഈപ്പൻ അലക്സാണ്ടർ കൊച്ചിയിൽ പറഞ്ഞു.
അതേസമയം മുത്തൂറ്റ് എംഡിയെ കല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ലെന്ന് എം സ്വരാജ് എംഎൽഎ. പിന്നിൽ സിഐടിയു പ്രവർത്തകരെന്ന് വരുത്തിത്തീർക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത്. മുത്തൂറ്റിൽ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും എം സ്വരാജ് പ്രതികരിച്ചു. അക്രമം നടന്നിരിക്കുന്നത് പ്രതിഷേധം നടക്കുന്ന സ്ഥലത്ത് അല്ല. അക്രമത്തിന് പിന്നിൽ പ്രതിഷേധക്കാർ അല്ലെന്നും എം സ്വരാജ് പ്രതികരിച്ചു.