Cinema
ആമ്പല്ലൂരിന്റെ കഥയുമായി ‘നീലാമ്പൽ’
ആമ്പല്ലൂരിന്റെ കഥപറയുന്ന ‘നീലാമ്പലി’ന്റെ ടൈറ്റിൽ ലോഞ്ച് പുതുവർഷ പുലരിയിൽ കവിയും ഗാന രചയിതാവുമായ ചുനക്കര രാമൻകുട്ടി നിർവ്വഹിച്ചു.
നഗരത്തിന്റെ പ്രാന്തപ്രദേശമായ ആമ്പല്ലൂരിന്റെ കഥ പറയുന്ന ചിത്രമാണ് ‘നീലാമ്പൽ’. മോളിവുഡ് സിനിമാസിന്റെ ബാനറിൽ അനിൽ തമലം നിർമ്മിച്ച് റിജുനായർ സംവിധാനം ചെയ്യുന്ന ‘നീലാമ്പൽ’ ആമ്പലുകൾ വിരിഞ്ഞിറങ്ങുന്ന ഒരു ശുദ്ധജലതടാകവും അതിന് ചുറ്റും ജാതിമത വർണ്ണ വ്യത്യാസമില്ലാതെ അധിവസിക്കുന്ന കുറെ മനുഷ്യരുടെയും കഥയാണ്.
അനിൽകുമാറിന്റെ കഥയ്ക്ക് അജി ചന്ദ്രശേഖർ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജോയ് തമലം ഗാനരചനയും ജി കെ ഹരീഷ്മണി സംഗീത സംവിധാനവും നിർവ്വഹിച്ച് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് പാടിയ കല്യാണിപാട്ട് നീലാമ്പലിന്റെ സവിശേഷതകളിൽ ഒന്നാണ്.
ചിത്രത്തിന്റെ താരനിർണ്ണയം നടന്നു വരുന്നു. കൂടാതെ വിവിധ കോളേജുകളിൽ വെച്ചു നടത്തുന്ന ഒഡിഷനിലൂടെയും അഭിനേതാക്കളെ കണ്ടെത്തുന്നു. ചിത്രത്തിന്റെ പി ആർ ഓ അജയ് തുണ്ടത്തിൽ.