ഇറാഖിൽ അമേരിക്കൻ എംബസിക്ക് സമീപം വീണ്ടും ഇറാൻ ആക്രമണം
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ വീണ്ടും റോക്കറ്റ് ആക്രമണം.ഗ്രീൻസോൺ എന്നറിയപ്പെടുന്ന അതീവ സുരക്ഷാ മേഖലയിലാണ് റോക്കറ്റാക്രമണമുണ്ടായത്.യു എസ് എംബസി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന മേഖലയിൽ രണ്ട് റോക്കറ്റുകൾ പതിച്ചതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് എംബസിയുടെ നൂറ് മീറ്റർ ദൂരത്ത് റോക്കറ്റ് പതിച്ചതായാണ് വിവരം.
അമേരിക്കൻ എംബസിയും മറ്റും സ്ഥിതിചെയ്യുന്ന ഗ്രീൻ സോണിൽ രണ്ട് കത്യുഷ റോക്കറ്റുകൾ പതിച്ചതായി ഇറാഖ് സഖ്യസേനാ കമാണ്ടർ അറിയിച്ചു. എന്നാൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസോ, പെന്റഗണോ പ്രതികരിച്ചിട്ടില്ല.
സുലൈമാനിയെ വധിച്ചതിന്റെ തിരിച്ചടിയായി യു.എസിന്റെ രണ്ടു സൈനികതാവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. ഇർബിൽ, അൽ അസദ് സൈനികാസ്ഥാനങ്ങളിൽ നടത്തിയ ആക്രമണത്തിൽ 80 യു.എസ് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത് തള്ളിക്കളഞ്ഞിരുന്നു. യുദ്ധത്തിനല്ല സമാധാനത്തിനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും പക്ഷേ എന്ത് സാഹചര്യവും നേരിടാൻ അമേരിക്കൻ സൈന്യം സജ്ജമാണെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.