Top Stories
തമിഴ് അഭയാർഥികളെ തിരികെ സ്വീകരിക്കാൻ തയ്യാറായി ശ്രീലങ്ക
ന്യൂഡൽഹി: ഇന്ത്യയിൽ കഴിയുന്ന ശ്രീലങ്കൻ തമിഴ് അഭയാർഥികളിൽ 3,000 പേർ ഉടൻ തന്നെ ശ്രീലങ്കയിലേക്ക് മടങ്ങും. തമിഴ് അഭയാർഥികളെ ശ്രീലങ്കയിൽ പുനരധിവസിപ്പിക്കുമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവർധന വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശ്രീലങ്കൻ വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിൽ 90,000 ശ്രീലങ്കൻ തമിഴ് വംശജരുണ്ടെന്നാണ് കണക്ക്. ഇവരിൽ 60,000 പേരെ തിരികെ സ്വീകരിക്കാൻ ശ്രീലങ്ക സന്നദ്ധത അറിയിച്ചിട്ടുണ്ട്. 30,000 പേർ ഇന്ത്യയിൽ ജോലി ചെയ്ത് ജീവിക്കുകയോ കുടുംബമായി താമസിക്കുകയോ ചെയ്യുന്നവരാണ്. ഇവരിൽ പലർക്കും ശ്രീലങ്കയിലേക്ക് തിരികെ പോകാൻ താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.
അഭയാർഥികളുടെ തിരിച്ചുവരവും അവരുടെ പുനരധിവാസവും ഞങ്ങൾക്ക് പ്രധാനമാണെന്നും ഇന്ത്യ തങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ശ്രീലങ്കൻ വിദേശകാര്യ വകുപ്പ് മന്ത്രി ദിനേശ് ഗുണവർധന പറഞ്ഞു. സമുദ്രാതിർത്തി ലംഘിച്ചതിന് ശ്രീലങ്ക പിടികൂടിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും വിട്ടയക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.