കെവിൻ കൊലക്കേസിൽ സസ്പെൻഷനിലായിരുന്ന എസ്ഐ ഷിബുവിനെ തിരിച്ചെടുത്തു
തിരുവനന്തപുരം: കെവിൻ കൊലക്കേസിൽ സസ്പെൻഷനിലായിരുന്ന എസ്ഐ ഷിബുവിനെ സര്‍വ്വീസിൽ തിരിച്ചെടുത്തു. സംസ്ഥാന പൊലീസ് മേധാവിയാണ് ഷിബുവിനെ സര്‍വ്വീസിൽ തിരിച്ചെടുത്തത്. ഇയാളെ മുൻപ് പിരിച്ചു വിടാൻ നോട്ടീസ് നൽകിയിരുന്നതാണ്.
ഇയാളെ സര്‍വ്വീസിലെടുക്കാൻ മുൻപ് എറണാകുളം റേഞ്ച് ഐജി ഉത്തരവിട്ടിരുന്നെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് ഉത്തരവ് മരവിപ്പിച്ചിരുന്നു. ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഐജിയുടെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. നടപടി വിവാദമായത്തോടെ, എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്ഐയായി തരംതാഴ്ത്തി എറണാകുളം റെയ്ഞ്ച് ഐജി ഉത്തരവിട്ടിരുന്നു.
കെവിന്റെ മരണമുണ്ടായത് എസ്ഐ ഷിബുവിന്റെ കൃത്യ വിലോപം മൂലമാണെന്ന് കെവിന്റെ കുടുംബം ആരോപിച്ചിരുന്നു. പരാതി നൽകിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാൻ എസ്ഐ ഷിബു തയ്യാറായില്ലെന്നും കെവിന്റെ കുടുംബം ആരോപിച്ചിരുന്നു.