Top Stories
മരടിന് പിന്നാലെ കാപ്പികോയും;പൊളിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി
ന്യൂഡൽഹി: തീരദേശ നിയമം ലംഘിച്ച് പണിത കാപികോ റിസോർട്ട് പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.പരിസ്ഥിതി ദുർബല തീരദേശ മേഖലയായ വേമ്പനാട് കായൽ തീരത്ത് സ്ഥിതി ചെയ്യുന്ന കാപികോ റിസോർട്ട് പൊളിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. വേമ്പനാട് കായൽ തീരത്ത് പാണാവള്ളി നെടിയന്തുരുത്തിലാണ് കാപികോ റിസോർട്ട് സ്ഥിതിചെയ്യുന്നത്.
ജസ്റ്റിസ് കെ എസ് രാധാകൃഷ്ണൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു. അക്കാലത്ത് വനം പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോർട്ട് തേടിയിരുന്നു. ആ റിപ്പോർട്ടിലാണ് കാപികോ, വാമികോ റിസോർട്ടുകളുടെ അനധികൃത നിർമ്മാണത്തെ കുറിച്ചുള്ള റിപ്പോർട്ടുണ്ടായിരുന്നത്. ഈ റിപ്പോർട്ടിന്റെ തുടർന്ന് നടപടിയായാണ് 2018ൽ കേരള ഹൈക്കോടതി കാപികോ വാമികോ റിസോർട്ടുകൾ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്.ഇതിനെതിരേ ഉടമകൾ പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഉടമകളുടെ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യമാണ് ഉത്തരവിറക്കിയത്. ജസ്റ്റിസ് റോഹിംഗ്ടൺ നരിമാനും വി രാമസുബ്രഹ്മണ്യവും വിശദമായ വാദം കേട്ട ശേഷമാണ് വിധി പുറപ്പെടുവിച്ചത്.
നെടിയന്തുരുത്തിൽ ഹർജിക്കാർ നടത്തിയ നിർമാണപ്രവർത്തനങ്ങൾ കടുത്ത നിയമലംഘനവും പൊതുതാത്പര്യത്തിന് എതിരുമാണെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കാപികോ റിസോർട്ട് പൊളിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയും സ്വീകരിച്ച നിലപാട്.