Top Stories
സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ കനത്തമഴ തുടരും

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിൽ ഇടുക്കിയിലെ കോഴിക്കാനം അണ്ണൻതമ്പിമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. തല്ലതണ്ണി സ്വദേശി മാർട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്.
കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചിൽ തുടരുകയാണ്.ഏലപ്പാറ-വാഗമൺ റോഡിലെ നല്ലതണ്ണി പാലത്തിൽ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സുഹൃത്തായ സെൽവനെ വീട്ടിൽ ഇറക്കിയിട്ട് അനീഷും മാർട്ടിനും വീട്ടിലേക്ക് പോയപ്പോഴായിരുന്നു അപകടം. പാലം കവിഞ്ഞൊഴുകിയ മലവെള്ളത്തിൽപ്പെട്ട് വാഹനം ഒഴുകിപ്പോകുകയായിരുന്നു.
ഇന്നലെ രാത്രി പെയ്ത മഴ വടക്കന്‍ ജില്ലകളിലും ഇടുക്കിയടക്കമുള്ള ഹൈറേഞ്ച് ജില്ലകളിലും വന്‍നാശമാണ് വിതച്ചത്. പലയിടത്തും രാത്രി പുഴകള്‍ കരകവിഞ്ഞൊഴുകി. കനത്ത നാശനഷ്ടമുണ്ടായി. നിരവധിപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇന്നും വിവിധ ജില്ലകളില്‍ കനത്ത ജാഗ്രതാനിര്‍ദേശം തുടരുകയാണ്. ഇന്ന് മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
ഇന്ന് (ഓഗസ്റ്റ് 7) മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ടാണ്. ഇവിടെ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്. നിലമ്പൂരില്‍ അതീവജാഗ്രതയാണ് നിലനില്‍ക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
കേരളാതീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. മീന്‍പിടുത്തക്കാര്‍ യാതൊരുകാരണവശാലും കടലില്‍ പോകരുത്. നദിതീരങ്ങളിലുള്ളവരും, തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവമാണ് കേരളത്തില്‍ ഇപ്പോള്‍ കാലവര്‍ഷം സജീവമാകാന്‍ കാരണം.
ഇതിനിടെ, വയനാട് ജില്ലയെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി കേന്ദ്രജലക്കമ്മീഷന്‍ മുന്നറിയിപ്പ് പുറത്തിറക്കി. വയനാടിന് പുറമേ കര്‍ണാടകത്തിലെ ഉത്തര കര്‍ണാടക, ദക്ഷിണ കര്‍ണാടക, കുടക്, ശിവമൊഗ്ഗ ജില്ലകളും തെക്കേ ഇന്ത്യയില്‍ വെള്ളപ്പൊക്കബാധിത മേഖലയാണ്. മഴ മാറുന്നത് വരെ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് ജല കമ്മീഷന് അറിയിച്ചു.
മഴ കനക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി എല്ലാവരും അതീവജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.