നീലേശ്വരത്ത് വ്യാപാരിയെ ഇടിച്ചുകൊന്ന കാറിനെ പിന്തുടർന്നു പിടിച്ചപ്പോൾ കിട്ടിയത് 1.45 കോടിയുടെ കള്ളപ്പണം
കണ്ണൂർ: കാസർഗോഡ് നീലേശ്വരത്ത് പച്ചക്കറി വ്യാപാരിയെ ഇടിച്ച് കൊലപ്പെടുത്തിയ കാർ കണ്ണൂർ വളപട്ടണത്തുവെച്ച് പോലീസ് പിടികൂടി. കാറിൽ നിന്നും 1.45 കോടിയുടെ കള്ളപ്പണം കണ്ടെത്തി. നീലേശ്വരത്തെ പച്ചക്കറി വ്യാപാരി കെ. പി തമ്പാനെ ഇടിച്ചുവീഴ്ത്തി, നിർത്താതെ പോയ കാർ വളപട്ടണത്തുവെച്ചാണ് പോലീസ് പിടികൂടിയത്.
സീറ്റിനടിയിൽ ഉണ്ടാക്കിയ പ്രത്യേക അറയിലാണ് കള്ള പണം സൂക്ഷിച്ചിരുന്നത്. 1.45 കോടി രൂപയുടെ 45,000 നോട്ടുകളാണ് പിടികൂടിയത്. കൊയിലാണ്ടിയിലേക്കാണ് പണം കടത്തുന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇത് കുഴൽപ്പണമാണെന്നാണ് സൂചന.കാർ കസ്റ്റഡയിൽ എടുത്ത വിവരമറിഞ്ഞ് എൻഫോഴ്സ്മെന്റും സ്ഥലത്തെത്തി കാർ പരിശോധിച്ചു.
കരിവെള്ളൂർ പുത്തൂരിലെ പരേതരായ അമ്പുവിന്റെയും മാണിക്കത്തിന്റെയും മകനാണ് മരിച്ച തമ്പാൻ. ഭാര്യ: സാവിത്രി. മക്കൾ: അരുൺ, അഖിൽ, അർച്ചന. മൃതദേഹം നീലേശ്വരം എൻ.കെ.ബി.എം. ആസ്പത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ ഒൻപതിന് കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.