Top Stories
പൗരത്വ നിയമഭേദഗതി ഇന്നു മുതൽ നിലവിൽ വന്നു;വിജ്ഞാപനമിറക്കി ആഭ്യന്തരമന്ത്രാലയം
ഡൽഹി : പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട്. പൗരത്വ നിയമ ഭേദഗതിയുടെ ചട്ടം നിലവിൽ വന്നതായി അഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി. ജനുവരി 10 മുതൽ നിയമം നിലവിൽ വന്നുവെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
രാജ്യമൊട്ടുക്ക് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിലാണ് പൗരത്വ നിയമം ഇന്നു മുതൽ നിലവിൽ വന്നതായി ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്. ചട്ടം രൂപീകരിക്കുന്നതിനു മുൻപ് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ടതില്ല എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജികളിൽ നിയമഭേദഗതി സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി പരിഗണിച്ചിരുന്നില്ല. അതിനാൽ ചട്ടം രൂപീകരിക്കുന്നതിന് തടസ്സമില്ല എന്ന നിയമോപദേശം ലഭിച്ചതിനാൽ ആണ് ചട്ടം രൂപീകരിച്ച് നിയമവുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത്.


