കോവിഡിനെ നേരിടുന്നതിനായി പ്രത്യേക സംഘത്തിന് രൂപം നൽകി കേരള പോലീസ്
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിയ്ക്കുന്നതിനായി പ്രത്യേക പോലീസ് സംഘത്തിന് രൂപം നൽകി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. കോവിഡ് ബാധിച്ചവരുടെ കോൺടാക്റ്റ് ട്രേസിങിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇൻസ്പെക്റ്ററുടെ നേതൃത്വത്തിൽ മൂന്നു പോലീസുകാർ അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു.
കണ്ടെയിൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിനായി മോട്ടോർ സൈക്കിൾ ബ്രിഗേഡിനെ നിയോഗിക്കും. ഇവിടങ്ങളിൽ സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും. കണ്ടെയിൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ വാഹനപരിശോധനയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിക്കും. ഒരു സ്ഥലത്തും ആൾക്കൂട്ടം അനുവദിക്കില്ല. തുറമുഖം, പച്ചക്കറി – മത്സ്യ മാർക്കറ്റുകൾ, വിവാഹവീടുകൾ, മരണവീടുകൾ, ബസ് സ്റ്റാന്റ്, ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും.