ശബരിമല യുവതി പ്രവേശനം; നിലപാട് മാറ്റാൻ ഇന്ന് ദേവസ്വം ബോർഡ് യോഗം
തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീം കോടതിയിൽ നൽകുന്ന പുതിയ സത്യവാങ്മൂലത്തെക്കുറിച്ച് തീരുമാനമെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും. ഉച്ചയ്ക്ക് മൂന്നിന് ബോർഡ് ആസ്ഥാനത്താണ് യോഗം.
വിശ്വാസികളുടെ താത്പര്യം മുൻനിർത്തി കാലങ്ങളായി തുടർന്ന് പോകുന്ന ആചാരാനുഷ്ഠാനങ്ങൾ തന്നെ തുടരണം എന്ന നിലപാടാകും ബോർഡ് എടുക്കുക. ഇക്കാര്യം യോഗം ചർച്ച ചെയ്യും. ആചാരങ്ങൾ പ്രകാരം പത്ത് വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകൾക്ക് സന്നിധാനത്ത് പ്രവേശിക്കാൻ കഴിയില്ല. ആ രീതിയിൽ തന്നെ തുടർന്നും മുന്നോട്ടുപോകണമെന്ന് ആകും ബോർഡിന്റെ സത്യവാങ്മൂലത്തിൽ പറയുക.
ശബരിമല തീർത്ഥാടനം സമാധാനപരമാക്കുകയും അതിലൂടെ ശബരിമലയിലെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോൾ ദേവസ്വം ബോർഡിന്റെ നിലപാട്. അത് കൂടി കണക്കിലെടുത്താകും ബോർഡിന്റെ തീരുമാനം. മുൻവർഷത്തെ തീർത്ഥാടനകാലത്ത് യുവതി പ്രവേശനത്തിന് പേരിലുള്ള അക്രമസംഭവങ്ങൾ കാരണം ശബരിമല വരുമാനത്തിൽ ഭീമമായ കുറവാണ് ഉണ്ടായിരുന്നത്. ആ സാഹചര്യം കൂടി കണക്കിലെടുത്താണ് ബോർഡിന്റെ മനംമാറ്റം.
ശബരിമല കേസ് സുപ്രീംകോടതി ഒമ്പതംഗ ബെഞ്ചിന് വിട്ട നടപടിയെ തുടർന്ന്, ഒമ്പതംഗ ബെഞ്ചിന്റെ വിധി വരുന്നതുവരെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണ്ട എന്ന് സർക്കാർ തീരുമാനിച്ചു. അതിനാൽ ഈ തീർത്ഥാടന കാലത്ത് യുവതീപ്രവേശത്തിൻെ പേരിൽ വിവാദങ്ങളോ അക്രമങ്ങളോ ഇല്ലാതിരുന്നത് കൂടുതൽ തീർത്ഥാടകർ ശബരിമലയിൽ എത്തുന്നതിനും വരുമാനത്തിൽ റിക്കോർഡ് വർദ്ധനവിനും കാരണമായി. യുവതീപ്രവേശത്തിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള സാഹചര്യം ഒരുക്കേണ്ടെന്നാണ് ബോർഡിന്റെയും സർക്കാരിന്റേയും പൊതുനിലപാട്.