430 ഡോക്ടർമാർ ഉൾപ്പെടെ 480 ജീവനക്കാരെ ആരോഗ്യവകുപ്പ് പിരിച്ചു വിടുന്നു
തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പെടെ 480 ജീവനക്കാരെ പിരിച്ചുവിടാൻ നടപടികളുമായി ആരോഗ്യവകുപ്പ്.അനധികൃതമായി സർവീസിൽനിന്ന് വിട്ടു നിൽക്കുന്ന ജീവനക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്. ദീർഘകാലമായി അവധിയെടുത്ത് തിരികെ ജോലിയിൽ പ്രവേശിക്കാൻ രണ്ട് തവണ അറിയിപ്പ് നൽകിയിട്ടും സർവീസിൽ പ്രവേശിക്കാനോ കൃത്യമായ കാരണം കാണിക്കാനോ തയ്യാറാകാത്തവർക്കെതിരേയാണ് സർക്കാറിന്റെ നടപടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
അനധികൃതമായി ദീർഘനാൾ സർവീസിൽ നിന്നും വിട്ടുനിൽക്കുന്നത് ആരോഗ്യ വകുപ്പിന്റെ പ്രവർത്തനത്തെ താറുമാറാക്കുകയും ജനങ്ങൾക്ക് അർഹമായ സേവനം ലഭ്യമാക്കുന്നതിന് തടസമാവുകയും ചെയ്തു. ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാനനുവദിക്കുന്നത് അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കർശന നടപടി സ്വീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.