Top Stories
ഒടുവിൽ കുറ്റസമ്മതം നടത്തി ഇറാൻ;വിമാനം വെടിവച്ചിട്ടത് തങ്ങൾ തന്നെ
ടെഹ്റാൻ: യുക്രൈൻ വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന് സമ്മതിച്ച് ഇറാൻ. സൈന്യത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക ടെലിവിഷനാണ് ഇക്കാര്യം പുറത്തുവിട്ടത് .
തങ്ങളുടെ സൈന്യം, യുക്രൈൻ വിമാനം വെടിവെച്ചിട്ടത് മനഃപൂർവമല്ലെന്നും സംഭവിച്ചത് മാനുഷികമായ പിഴവാണെന്നും ഇറാൻ വ്യക്തമാക്കുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
വിമാനം ഇറാൻ മിസൈൽ ഉപയോഗിച്ച് തകർക്കുകയായിരുന്നുവെന്ന് ആരോപിച്ച് അമേരിക്കയും കാനഡയും യു.കെയും രംഗത്തെത്തിയിരുന്നു. അതേസമയം സാങ്കേതിക തകരാർ മൂലം വിമാനം തകർന്നവീണുവെന്നായിരുന്നു ആരോപണങ്ങൾക്ക് ഇറാന്റെ വിശദീകരണം.
സ്വന്തം രാജ്യതലസ്ഥാനത്ത് നിന്നും പറന്നുയർന്ന വിമാനം, സ്വന്തം സൈന്യം തന്നെ അബദ്ധം പറ്റി വെടിവെച്ചിട്ടു എന്നുപറയുമ്പോൾ ഇറാൻ സൈന്യത്തിന്റെ കൃത്യതയാണ് ചോദ്യംചെയ്യപ്പെടുന്നത്. ഈ സംഭവത്തോട് കൂടി ലോകത്തിനുമുന്നിൽ ഇറാൻ തലകുനിച്ച് നിൽക്കേണ്ടിവരും. മനുഷ്യസഹജമായ ഒരു കയ്യബദ്ധം എന്ന് നിസാരമായി ഇറാൻ പറഞ്ഞു കളയുമ്പോഴും യുക്രൈനിനു മുന്നിലും കൊല്ലപ്പെട്ട 176 യാത്രക്കാരുടെ രാജ്യങ്ങൾക്ക് മുന്നിലും ഇറാൻ മറുപടി പറയേണ്ടിവരും.
ജനുവരി എട്ട് രാവിലെ ടെഹ്റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 176 യാത്രക്കാരുമായി പറന്നുയർന്ന യുക്രൈൻ വിമാനമാണ് തകർന്നുവീണത്. യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ഇറാഖിലെ യു.എസ്. സൈനികതാവളങ്ങൾക്കു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കു തൊട്ടുപിന്നാലെ ആയിരുന്നു വിമാനം തകർന്നുവീണത്. ടെഹ്റാനിൽ നിന്നും പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തീ പിടിച്ച വിമാനം താഴേക്ക് പതിക്കുകയായിരുന്നു.