Top Stories
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു
മസ്ക്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് (79) അന്തരിച്ചു. വെള്ളിയാഴ്ച വൈകിട്ടോ ടെയാണ് അന്ത്യമുണ്ടായത്. ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സഈദ്.
ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുൽത്താനായ സുൽത്താൻ ഖാബൂസ് ബിൻ സഈദ്, സുൽത്താൻ സഈദ് ബിൻ തൈമൂറിന്റെയും മാസൂൺ അൽ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബർ പതിനെട്ടിന് സലാലയിൽ ആണ് ജനിച്ചത്. പുണെയിലും സലാലയിലും ആണ് അദ്ദേഹം പ്രാഥമികവിദ്യാഭ്യാസം നേടിയത്. തുടർന്ന് ലണ്ടനിൽ രാഷ്ട്ര തന്ത്രത്തിലും, ആധുനിക യുദ്ധതന്ത്രങ്ങളിലും പ്രാവിണ്യം നേടി. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ അദ്ദേഹത്തിന്റെ അധ്യാപകനായിരുന്നു. എന്നും ഇന്ത്യയുടെ നല്ല സുഹൃത്തായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സഈദ്.
മസ്കറ്റ് ആൻഡ് ഒമാൻ എന്ന പഴയ പേരുമാറ്റി സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന പേരാക്കിയത് സുൽത്താൻ ഖാബൂസ് ബിൻ സഈദ് ആയിരുന്നു. 1970 ജൂലായ് 23-നാണ് ഒമാൻ ഭരണാധികാരിയായി അദ്ദേഹം അധികാരമേറ്റത്. അവിവാഹിതനായിരുന്നു ഖാബൂസ് ബിൻ സഈദ്.