എഎസ്ഐയുടെ കൊലപാതകം: ഇന്ന് 6 പേർ പിടിയിൽ, 2പേർ പ്രതികളുടെ സംഘത്തിൽ ഉള്ളവരാണെന്ന് സംശയം
തിരുവനന്തപുരം: കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകത്തിൽ ഇന്ന് ആറ് പേർ കൂടി പിടിയിൽ. ഇതിൽ രണ്ടുപേർ പ്രതികളുടെ സംഘത്തിൽ ഉള്ളവരാണെന്നാണ് സംശയം. ഇവരെ തമിഴ്നാട് ക്യൂ ബ്രാഞ്ചിൻ്റെയും കേരള പൊലീസിന്‍റെയും ഉന്നത സംഘം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ജാഫറെന്നാണ് പിടിയിലായ ഒരാളുടെ പേര്. നെയ്യാറ്റിൻകര സ്വദേശിയാണ് ഇയാൾ.ആക്രമികൾ നേരത്തെ നെയ്യാറ്റിൻകരയിൽ ഒരു ആരാധനാലയത്തിൽ താമസിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഈ ആരാധനാലയത്തിൽ നിന്നാണ് ജാഫറിനെ പിടികൂടിയതെന്നാണ് സൂചന.
ബുധനാഴ്ച രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എസ്ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേർന്ന് വെടിവെച്ചത്. തലയിൽ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വിൽസണിന്‍റെ തലയ്ക്ക് വെടിവെക്കുകയായിരുന്നു. പ്രതികളായ തൗഫീക്കിനെയും ഷെമീമിനെയും സിസിടിവി യുടെ സഹായത്താൽ പോലീസ് തിരിച്ചറിഞ്ഞിരുന്നു.
ഇവർ തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗ് എന്ന തീവ്രവാദ സംഘടനയുടെ പ്രവർത്തകരാണ്. ഇന്ത്യൻ നാഷണൽ ലീഗാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. തൗഫീഖ്നെയും ഷമീമിനെയും കണ്ടെത്താൻ രാജ്യമൊട്ടുക്ക് തിരച്ചിൽ ഊർജിതമാക്കി ഇരിക്കുകയാണ്. ഇവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.