Top Stories
ജമ്മുകശ്മീരിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരർക്കൊപ്പം മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ പിടികൂടി
ശ്രീനഗർ: ജമ്മുകശ്മീരിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരർ പിടിയിൽ. ജമ്മു കശ്മീർ പോലീസ് ആണ് ഭീകരരെ പിടികൂടിയത്. ഭീകരർക്കൊപ്പം, ധീരതയ്ക്ക് രാഷ്ട്രപതിയിൽ നിന്ന് മെഡൽ നേടിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവേന്ദ്ര സിങ്ങിനെയും പോലീസ് പിടികൂടി. കുൽഗാമിലെ മിർ ബസാറിൽ നിന്ന് ശനിയാഴ്ചയാണ് പോലീസ് ഉദ്യോഗസ്ഥനെയും ഭീകരരെയും കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് അഞ്ച് ഗ്രനേഡുകളും പോലീസ് കണ്ടെടുത്തു. പിടിയിലാവുമ്പോൾ ഡൽഹിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു തീവ്രവാദികൾ.
ഡി എസ് പി ആയ ദേവേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്തത് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ നവീൻ ബാബുവിനൊപ്പമാണ്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തി പോലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്. കശ്മീരികളല്ലാത്ത 11 പേരെ കൊന്ന കേസിൽ പ്രതിയാണ് നവീൻ ബാബു.
തുടർന്ന് ദേവേന്ദ്ര സിങ്ങിന്റെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിനിടെ രണ്ട് എ.കെ47 തോക്കുകൾ കണ്ടെടുത്തു. ശ്രീനഗർ വിമാനത്താവളത്തിൽ ഹൈജാക്കിങ് വിരുദ്ധ സ്ക്വാഡിലും, കശ്മീരിലെ ഭീകരവിരുദ്ധ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലും പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ദേവേന്ദ്ര സിംഗ്. കൂടുതൽ വിവരങ്ങൾക്കായി ദേവേന്ദ്ര സിങ്ങിനെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.