മൂന്നാമത്തെ സൈറൺ കാത്ത് ജെയ്ൻ കോറൽകോവും ഗോൾഡൻ കായലോരവും
കൊച്ചി: മരടിലെ രണ്ട് ഫ്ളാറ്റുകൾ മണ്ണോടു ചേർന്നു. ഇനി മൂന്നാമത്തെ സൈറനും കാത്ത് രണ്ട് ഫ്ളാറ്റുകൾ കൂടിയുണ്ട് മരടിൽ .ജെയ്ൻ കോറൽകോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളും കൂടി ഇന്ന് നിയന്ത്രിത സ്ഫോടനത്താൽ തകർന്നു വീഴും.17 നില കെട്ടിടങ്ങളാണ് രണ്ടും. അതോടുകൂടി അനധികൃത നിർമ്മാണത്തിനെതിരെ ചരിത്രം കുറിച്ച പേരായി മരട് മാറും.
10.30 ന് ആദ്യ സൈറൺ മുഴങ്ങും. 10.55ന് രണ്ടാമത്തെ സൈറണും 10.59ന് മൂന്നാമത്തെ സൈറണും മുഴങ്ങും. മൂന്നാമത്തെ സൈറൺ മുഴങ്ങുന്നതോടെ ജെയ്ൻ കോറൽകോവ് മണ്ണിൽ പതിക്കും. ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാകും ജെയിൻ കോറൽ കോവിൽ സ്ഫോടനം നടത്തുക.
രണ്ടുമണിക്കാണ് ഗോൾഡൻ കായലോരം പൊളിക്കുക. രണ്ടായി പിളർന്നുകൊണ്ട് പൊളിക്കുന്ന വിധമാകും കായലോരത്തിൽ സ്ഫോടനം നടത്തുക. ഇതിന് സമീപം പണി പൂർത്തിയായ അപ്പാർട്ട്മെന്റ് സമുച്ചയവും ഒരു അംഗനവാടിയുമുണ്ട്. ഇവയ്ക്ക് കേടുപാടുണ്ടാകാതെ അവശിഷ്ടങ്ങൾ കായലിലേക്ക് വീഴാത്ത വിധമാണ് എല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്.ഇന്നലെ നടത്തിയ സ്ഫോടനങ്ങൾ വിജയകരമായി പൂർത്തിയാക്കിയതുകൊണ്ട് ഇന്ന് ആത്മവിശ്വാസത്തിലാണ് തകർക്കലിന് നേതൃത്വം നൽകുന്നവർ.