News
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. തൃശ്ശൂർ പൈങ്കുളം സ്വദേശി എം അഭിജിത്തിനെയാണ് ആർപിഎഫ് എക്സൈസ് സംഘം പിടികൂടിയത്. ബംഗലൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നാണ് ഒന്നര ലക്ഷം രൂപ വില വരുന്ന പന്ത്രണ്ടര ഗ്രാം എംഡിഎംഎ എക്സൈസ് ആർപിഎഫ് സംഘം പിടികൂടിയത്. പ്രതി അഭിജിത്തിന്റെ ബാഗിൽ പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
തൃശ്ശൂരില്‍ വിൽപനയ്ക്കായി കൊണ്ടുവരികയായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില്ലറയായി എംഡിഎംഎ വിൽപ്പന നടത്തുന്ന മയക്ക് മരുന്ന് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇയാൾക്ക് പിന്നിലുള്ള മറ്റ് സംഘങ്ങളെ കുറിച്ച് അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
നിലവിലുള്ള എൻ.ഡി.പി.എസ് നിയമപ്രകാരം അര ഗ്രാമിൽ കൂടുതൽ എം.ഡി.എം.എ കൈവശം വെക്കുന്നത് പിടിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവ് ലഭിക്കാവുന്നതും, 10 ഗ്രാമിന് മുകളിൽ കൈവശം വെക്കുന്നത് 20 വർഷം വരെയും തടവ് ലഭിക്കാവുന്ന കുറ്റമാണ്. എന്നിരിക്കെ പല യുവാക്കളും ഈ ലഹരിവസ്തു ഗ്രാമിന് 4000 രൂപ വരെ ഒറ്റ ഉപയോഗത്തിന് വേണ്ടി ഇത്തരം വിൽപ്പനക്കാരിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നുണ്ട്.