ശബരിമല വിധി: അഞ്ചംഗ ബെഞ്ച് ഒൻപതംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങളിൽ ഇന്ന് വാദം തുടങ്ങും
January 13, 2020
0 217 1 minute read
ന്യൂഡൽഹി: ശബരിമല പുനഃപരിശോധനാ ഹർജികളിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒൻപതംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങളിൽ ഇന്ന് വാദം തുടങ്ങും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ഒൻപതംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ, എൽ നാഗേശ്വർ റാവു, മോഹന ശാന്തന ഗൗഡർ, അബ്ദുൽ നസീർ, സുബാഷ് റെഡ്ഡി, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഒൻപതംഗ ബെഞ്ചിലെ അംഗങ്ങൾ. ഇതിൽ ജസ്റ്റിസ് ആർ ഭാനുമതിയാണ് ബെഞ്ചിലെ ഏക വനിതാ അംഗം.
പുനഃപരിശോധനാ ഹർജികളിൽ വാദം കേൾക്കില്ലെന്നും അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ട വിഷയങ്ങൾ മാത്രമേ കേൾക്കുകയുള്ളു എന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് വിഷയങ്ങളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.
ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പുകളും തുല്യത സംബന്ധിച്ച വകുപ്പുകളും തമ്മിലുള്ള ബന്ധം.
മതസ്വാതന്ത്ര്യം സംബന്ധിച്ച 25 (1)വകുപ്പിലെ ‘പൊതുക്രമം, ധാർമികത, ആരോഗ്യം’ എന്നിവ വിവക്ഷിക്കുന്നത് എന്താണ്?
‘ധാർമികത’, ‘ഭരണഘടനാ ധാർമികത’ എന്നീ പ്രയോഗങ്ങൾ ഭരണഘടനയിൽ നിർവചിച്ചിട്ടില്ല. ഇത് മൊത്തത്തിലുള്ള ധാർമികതയാണോ, അതല്ല മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമാണോ?
ആചാരങ്ങൾ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ?
മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പിലെ 25 (2) (ബി)യിൽ പറയുന്ന ‘ഹൈന്ദവ വിഭാഗങ്ങൾ’ എന്ന പ്രയോഗത്തിന്റെ അർത്ഥം എന്താണ്?
ഒരു മതത്തിന്റെ/ഒരു വിഭാഗത്തിന്റെ ‘ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങൾക്ക്’ ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച 26-ാം വകുപ്പിന്റെ സംരക്ഷണമുണ്ടോ?
മതപരമായ ആചാരങ്ങളെ ആ മതത്തിലോ വിഭാഗത്തിലോ പെടാത്ത വ്യക്തി പൊതുതാൽപര്യ ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത് എത്രത്തോളം അനുവദിക്കണം?
എന്നീ വിഷയങ്ങളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒമ്പതംഗ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്.ഒൻപതംഗ ബെഞ്ചിനുമുമ്പാകെ ശബരിമല യുവതീപ്രവേശന ഉത്തരവിന് എതിരായ 61 പുനഃപരിശോധനാ ഹർജികളാണ് നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബെഞ്ച് തീർപ്പ് കൽപ്പിക്കുന്ന വിഷയങ്ങൾ രാജ്യത്തെ എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമായതിനാൽ കൂടുതൽ പേരെ ഒമ്പതംഗ ബെഞ്ച് കേൾക്കാൻ സാധ്യയുണ്ട്.