കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ലൗ ജിഹാദ് നടക്കുന്നു:സീറോ മലബാർ സഭ
കൊച്ചി: കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന് സീറോ മലബാർ സഭ സിനഡ്. കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്നുവെന്നും, കേരളത്തിന്റെ സാമൂഹിക സമാധാനത്തെ അപകടപ്പെടുത്തുന്ന രീതിയിൽ ലൗ ജിഹാദി വളര്‍ന്നുവരുന്നുവെന്നും ഇത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി. ആഗോളതലത്തിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന പീഡനങ്ങളെയും സിനഡ് അപലപിച്ചു.
“മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. വിഷയത്തെ മതപരമായി മനസിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായി മനസിലാക്കി നിയമപാലകര്‍ സത്വര നടപടികൾ സ്വീകരിക്കണം. ലൗ ജിഹാദിന്റെ അപകടങ്ങളെ കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കണം,” എന്നും സിനഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.