ക്യാൻസർ തടയാൻ മഞ്ഞൾ; നിർണ്ണായക കണ്ടെത്തലിന് യുഎസ് പേറ്റന്റ് നേടി ശ്രീചിത്ര
തിരുവനന്തപുരം : ക്യാൻസർ ചികിത്സയിൽ നിർണ്ണായക വഴിത്തിരിവാകുന്ന കുർക്കുമിൻ വേഫർ സാങ്കേതിക വിദ്യയ്ക്കു ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന് യുഎസ് പേറ്റന്റ്. കാൻസർ ബാധിച്ച കോശങ്ങളെ നീക്കം ചെയ്ത ശേഷം സമീപ കോശങ്ങളിലേക്കു പടരാതിരിക്കാനുള്ള സാങ്കേതികവിദ്യയാണ് കുർക്കുമിൻ വേഫർ . മഞ്ഞളിൽ നിന്നു വേർതിരിച്ചെടുക്കുന്ന കുർക്കുമിൻ ഉപയോഗിച്ചാണ് ക്യാൻസർ രോഗികളിൽ കുർക്കുമിൻ വേഫർ ചികിത്സ നടത്തുന്നത്.
യുഎസ് പേറ്റന്റ് ലഭിച്ചതോടെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഈ സാങ്കേതികവിദ്യ മരുന്നു ഗവേഷണ സ്ഥാപനങ്ങൾക്കു കൈമാറും. കുർക്കുമിനും ആൽബുമിനും സംയോജിപ്പിച്ചു കീമോതെറപ്പിക്ക് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യയും ശ്രീചിത്ര നേരത്തെ വികസിപ്പിച്ചു കൈമാറിയിരുന്നു. ഇതിനുള്ള പേറ്റന്റ് ഉടൻ ലഭിക്കും.

നിലവിൽ ക്യാൻസർ രോഗികൾക്ക് കീമോതെറാപ്പി ചെയ്യുമ്പോൾ കാൻസർ രോഗമുള്ള കോശങ്ങൾക്കൊപ്പം രോഗമില്ലാത്തവയും നശിപ്പിക്കപ്പെടുന്നുണ്ട്. ഇതുമൂലം ഛർദിയും മുടികൊഴിച്ചിലും ഉൾപ്പെടെ പാർശ്വഫലങ്ങളുമുണ്ട്. കുർക്കുമിൻ വേഫർ സാങ്കേതികവിദ്യ വരുന്നതോടെ കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ പൂർണമായി ഇല്ലാതാകുകയും ക്യാൻസർ ചികിത്സയുടെ ചെലവ് വളരെയധികം കുറയും ചെയ്യും.

