ഡിസംബറിന് മുൻപ് സംസ്ഥാനത്തെ മുഴുവൻ റോഡുകളും നന്നാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും ഡിസംബര്‍ മാസത്തോടെ നല്ല നിലയിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷത്തിന് മുമ്പ് തന്നെ പരമാവധി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ബാക്കിയുള്ളവ ഡിസംബറോടെ പൂര്‍ത്തിയാക്കുകയും ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് കൂടുതല്‍ തുക ആവശ്യമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഫണ്ട് അനുവദിക്കും.
ടെണ്ടര്‍ നടപടികളിലേക്ക് കടന്ന സാഹചര്യത്തില്‍ തലപ്പാടി മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള ദേശീയപാത വികസനം പെട്ടെന്നു തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയില്‍ സംസ്ഥാനം വിഹിതം നല്‍കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിയില്‍ നിന്ന് തുക കണ്ടെത്തി ദേശീയപാതാ അതോറിറ്റിക്ക് കൈമാറിയതായും മുഖ്യമന്ത്രി അറിയിച്ചു.