News
മകരവിളക്ക് ഉത്സവത്തിന് സന്നിധാനം ഒരുങ്ങി;രാത്രി നട അടയ്ക്കില്ല
ശബരിമല: മകരവിളക്ക് ഉത്സവത്തിന് സന്നിധാനം ഒരുങ്ങി. സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്ക് മാറുന്ന നാളെ പുലർച്ചെ 2.09 നാണ് മകരസംക്രമ പൂജ. കവടിയാർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻ വശം കൊണ്ടുവന്ന നെയ്യാണ് സംക്രമ വേളയിൽ അഭിഷേകം ചെയ്യുക. ഇന്ന് വൈകിട്ട് നാലിന് നട തുറന്ന് പതിവ് പൂജകൾക്ക് ശേഷം സംക്രമപൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. രാത്രി നടയടയ്ക്കില്ല.
നാളെ പുലർച്ചെയാണ് സംക്രമപൂജയും സംക്രമാഭിഷേകവും. തുടർന്ന് സന്ധ്യയോടെ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും, പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.ഇന്നാണ് പമ്പാ സദ്യയും പമ്പവിളക്കും. 21ന് പന്തളം രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം രാവിലെ ഏഴിന് നടയടയ്ക്കുന്നതോടെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് സമാപനമാകും.


