News
ആദിവാസി സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്തു;സ്വകാര്യ റിസോർട്ടിനു നേരെ മാവോയിസ്റ്റ് ആക്രമണം
കല്പറ്റ: വയനാട് അട്ടമലയിലെ സ്വകാര്യ റിസോർട്ടിന് നേരേ മാവോവാദി ആക്രമണം. റിസോർട്ട് കെട്ടിടത്തിന്റെ ജനൽച്ചില്ലുകളും വാതിലിന്റെ ചില്ലുകളും കല്ലെറിഞ്ഞ് തകർത്തു. ആദിവാസി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെയാണ് ആക്രമണമെന്ന് വ്യക്തമാക്കി പോസ്റ്ററും പതിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ആദിവാസി സ്ത്രീകളെ പ്രലോഭിപ്പിച്ച് റിസോർട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിനെതിരെയാണ് ഈ ആക്രമണമെന്ന് പോസ്റ്ററിൽ പറയുന്നു.സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ പേരിലാണ് പോസ്റ്റർ.
ആദിവാസി കോളനി പരിസരത്തുനിന്ന് മുഴുവൻ റിസോർട്ടുകാരെയും അടിച്ചോടിക്കണമെന്ന് പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നു. ആദിവാസികൾ ആരുടെയും കച്ചവട വസ്തുവല്ലെന്നും ആദിവാസികളെ കാഴ്ചവസ്തുവാക്കുന്ന സർക്കാർ, ടൂറിസം മാഫിയക്കെതിരെ ഒന്നിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.