Top Stories
ഭക്തിയുടെ നിറകണ്ണുകളോടെ മകരവിളക്ക് ദർശിച്ച് മനം നിറഞ്ഞ് അയ്യപ്പ ഭക്തർ
ശബരിമല: ഭക്തിയുടെ നിറകണ്ണുകളോടെ മകരവിളക്ക് ദർശിച്ച് മനം നിറഞ്ഞ് അയ്യപ്പ ഭക്തർ. സർവാലങ്കാര വിഭൂഷിതനായ യോദ്ധാവിന്റെ ഭാവത്തിലുള്ള ഭഗവാന്റെ ദിവ്യരൂപം കൺകുളിർക്കെ മനം നിറയെ കണ്ട്, പൊന്നമ്പലമേട്ടിലെ ദീപാരാധന ദർശിച്ച് കിഴക്കൻ ചക്രവാളത്തിലെ മകര ജ്യോതി കണ്ട് പുണ്യം നേടിയ സന്തോഷത്തിലാണ് ലക്ഷോപലക്ഷം അയ്യപ്പ ഭക്തർ. താപസ ഭാവത്തിലാണ് ശബരിമലയിലെ പ്രതിഷ്ഠ. എന്നാൽ വില്ലാളിവീരനായ ഭാവത്തിൽ കാണണമെന്ന പിതാവായ പന്തളത്ത് രാജാവിന്റെ ആഗ്രഹ പൂർത്തീകരണത്തിനായാണ് ഈ ഒരു ദിവസം തിരുവാഭരണങ്ങൾ അണിഞ്ഞു സർവാഭരണ വിഭൂഷിതനായി ഭഗവാൻ ഭക്തർക്ക് ദർശനമരുളി അനുഗ്രഹിക്കുന്നത്.
6.50 നായിരുന്നു ശ്രീകോവിലിൽ ദീപാരാധന നടന്നത്. ഈ സമയത്ത് പൊന്നമ്പലമേട്ടിൽ വിളക്ക് തെളിഞ്ഞു. ഇതോടൊപ്പം ആകാശത്ത് മകരജ്യോതി മിന്നിമറഞ്ഞു. ഭക്തജനലക്ഷങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും മകരവിളക്ക് ദർശനത്തിന് എത്തിയിരുന്നത്. പമ്പ, സന്നിധാനം, പാണ്ടിത്താവളം തുടങ്ങി മകരവിളക്ക് ദർശനത്തിന് സാധ്യമാകുന്ന സ്ഥലങ്ങളിലെല്ലാം ഭക്തർ നിലയുറപ്പിച്ചിരുന്നു.
അയ്യപ്പൻ ജനിച്ചതും, അയ്യപ്പൻ ശബരിമല ക്ഷേത്രത്തിലെ ധർമ ശാസ്താവിന്റെ വിഗ്രഹത്തിൽ വിലയം പ്രാപിച്ചതും മകരസംക്രമ ദിനത്തിലാണെന്നാണ് വിശ്വാസം. ഈ ദിനത്തിനായുള്ള ലക്ഷോപലക്ഷം അയ്യപ്പൻമാരുടെ കാത്തിരിപ്പാണ് മകര വിളക്ക് ദർശനത്തോടെ പൂർത്തിയായത്. വീണ്ടും അടുത്ത മകര സംക്രമ ദിനത്തിനായി പ്രാർത്ഥനയോടെ ഭക്തർ.