News
മദ്യപിച്ച് വഴക്കുണ്ടാക്കി;പാലക്കാട് അച്ഛൻ മകനെ തല്ലിക്കൊന്നു
പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയിൽ അച്ഛൻ മകനെ തല്ലി കൊന്നു. പിതാവ് മത്തായിയാണ് മകൻ ബേസിലിനെ (36) ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.
മദ്യപിച്ചു വീട്ടിലെത്തിയതിനെ
തുടർന്നുള്ള വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇസ്രയേലിൽ നഴ്സ് ആയിരുന്ന ബേസിൽ ഒരു വർഷം മുമ്പാണ് ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് വന്നത്. ബേസിൽ രാത്രി മദ്യപിച്ചെത്തുന്നതിനെത്തുടർന്ന് ദിവസവും വീട്ടിൽ വഴക്കുണ്ടാവാറുണ്ട്.സംഭവ ദിവസവും മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയതിനെത്തുടർന്ന് പിതാവ് ബേസിലിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
വീട്ടിലെത്തിയ സുഹൃത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ബേസിലിനെ കണ്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 10 മണിക്കു തന്നെ ഇയാൾ മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ മത്തായിയെ (58) പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ പട്ടിക്കാട് പലചരക്കു കട നടത്തുകയാണ് മത്തായി. ഭാര്യ സാറാമ്മ കിടപ്പുരോഗിയാണ്.