News
പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന ലക്ഷദീപം ഇന്ന്
തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന ലക്ഷദീപം ഇന്ന്. 56 ദിവസം നീണ്ടുനിന്ന മുറജപത്തിന് സമാപ്തി കുറിച്ചാണ് ലക്ഷദീപം നടത്തുന്നത്. ആറ് വർഷത്തിലൊരിക്കൽ മാത്രം കാണാനാകുന്ന ലക്ഷദീപത്തിനായി വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ആറുവർഷത്തിലൊരിക്കൽ മകരസംക്രമദിനത്തിൽ ക്ഷേത്രത്തിൽ ലക്ഷം ദീപങ്ങൾ തെളിയിക്കുന്ന ആചാരം 1744ലാണ് തുടങ്ങിയത്. ഇത് 45ാമത്തെ ലക്ഷദീപമാണ്. ശീവേലിപ്പുരയിലെ സാലഭഞ്ജികകൾ, ശ്രീകോവിലിനുളളിലെ മണ്ഡപങ്ങൾ, തൂണുകൾ, ചുവരുകൾ എന്നിവിടങ്ങളിലാണ് ദീപങ്ങൾ തെളിയിക്കുക. മൺചിരാതുകൾക്കു പുറമേ വൈദ്യുതിദീപങ്ങൾ കൊണ്ടും അലങ്കരിക്കും.
ലക്ഷദീപം കാണാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ദർശനത്തിനായി വൈകീട്ട് ഏഴ് മുതൽ ഭക്തരെ കടത്തിവിടും. 27 സ്ഥലങ്ങളിൽ പാർക്കിംഗ് സൗകര്യമുണ്ടാകും. ശീവേലി ഉൾപ്പെടെയുള്ള ചടങ്ങുകൾ കാണാൻ എട്ട് വീഡിയോ വാളുകളും സ്ഥാപിച്ചിട്ടുണ്ട്.