Politics
ശോഭാ സുരേന്ദ്രൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ?
തിരുവനന്തപുരം : മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റും ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ശോഭാ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. ഗ്രൂപ്പ് തർക്കങ്ങൾ രൂക്ഷമായ കേരള ബിജെപിയിൽ നിഷ്പക്ഷ സ്ഥാനാർത്ഥിയായാണ് കേന്ദ്രനേതൃത്വം ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നത്.
മുരളീധര പക്ഷം കെ സുരേന്ദ്രന്റെയും പി കെ കൃഷ്ണദാസ് പക്ഷം എംടി രമേശിന്റെയും പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചിട്ടുള്ളത്. ആർഎസ്എസ് പിന്തുണയുള്ള കുമ്മനത്തിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ കുമ്മനത്തെ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് ആക്കുമെന്ന സൂചനയുമുണ്ട്.
ശോഭാ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ ആയാൽ, ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന കേരളത്തിലെ ആദ്യ വനിതയാകും അവർ. നിലവിൽ കേരളത്തിൽ നിന്നും ഒരു പാർട്ടിയുടെ ദേശീയ നേതാവായ ആദ്യത്തെ വനിതയാണ് ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് അംഗമായ ശോഭാ സുരേന്ദ്രൻ.
വനിതാസംവരണം വാക്കുകളിൽ മാത്രം നിറച്ച്, അപ്രധാനമായ സ്ഥാനത്തേക്ക് വനിതകളെ ഒതുക്കുന്ന ഇടതു വലതു മുന്നണികൾക്ക് ഒരു വലിയ അടി ആയിരിക്കും ശോഭാ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ സ്ഥലത്തെത്തിയാൽ ഉണ്ടാക്കുന്നത്.